‘ജയിലര്‍’ സിനിമയുടെ ഷൂട്ട് ഇനി കേരളത്തില്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ നടന്റെ വീഡിയോയാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആകുന്നത്. ജയിലറിന്റെ ഷൂട്ടിനായാണ് താരം എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ വരവേല്‍പ്പോടെയാണ് മലയാളികള്‍ നടനെ സ്വീകരിച്ചത്.
ചാലക്കുടിയിലാണ് താരം നിലവില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയിലറില്‍ മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്ന കഥാപാത്രത്തെയാണ് ജയിലറില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്.
രജനികാന്തും മോഹന്‍ലാലും തമ്മില്‍ ഒരു ഫൈറ്റ് സീന്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൈദരാബാദില്‍ ആയിരുന്നു നേരത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരുന്നത്. ഒരു രാത്രിയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. ‘പടയപ്പ’ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നത്.
മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.