ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

രജനികാന്ത് ചിത്രം ‘കൂലി’യുടെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് ടീസറില്‍ അനുവാദം ഇല്ലാതെ പാട്ട് ഉപയോഗിച്ചുവെന്ന സംഗീത സംവിധായകന്‍ ഇളയരാജയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് വിദഗ്ധര്‍. രജനിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് കൂലി.

ചിത്രത്തിന്റെ ടൈറ്റില്‍ ടീസറില്‍ തന്റെ ‘വാ വാ പക്കം വാ’ എന്ന ഗാനം ഉപയോഗിച്ചതിനെതിരായാണ് ഇളയരാജ രംഗത്തെത്തിയത്. അനുമതിയില്ലാതെ സിനിമയുടെ പ്രൊമോ സോംഗില്‍ തന്റെ ഗാനം ഉപയോഗിച്ചുവെന്ന് ചൂണ്ടികാണിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിനെതിരെ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരിന്നു.

കൂലിയുടെ പ്രൊമോയില്‍ നിന്ന് ഗാനം നീക്കുകയോ ഉപയോഗിക്കാന്‍ അനുമതി വാങ്ങുകയോ ചെയ്യണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നുമെന്നാണ് പരാതിയിലുള്ളത്. എന്നാല്‍ ടീസറില്‍ ഉപയോഗിച്ചിരിക്കുന്ന ഗാനത്തിന്റെ പകര്‍പ്പവകാശം ഇളയരാജയ്ക്ക് ഇല്ലെന്നാണ് പ്രമുഖ നിരൂപകനായ സതീഷ് കുമാര്‍ പറയുന്നത്.

എക്കോ കാറ്റലോഗിന് ആണ് ചിത്രത്തിന്റെ പകര്‍പ്പവകാശം ഉള്ളത്. പിന്നീട് എക്കോ കാറ്റലോഗിനെ സോണി മ്യൂസിക് സൗത്ത് ഏറ്റെടുത്തു. ഈ പകര്‍പ്പവകാശം പിന്നീട് സണ്‍പിക്ച്ചേഴ്സിന് നല്‍കി എന്നാണ് സതീഷ് കുമാര്‍ വ്യക്തമാക്കുന്നത്. അനിരുദ്ധ് ആണ് കൂലിയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.

അതേസമയം, സ്വര്‍ണ്ണ കളക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന കൂലിയുടെ പ്രമേയം. ഈ വര്‍ഷം പകുതിയോടെ ചിത്രീകരണമാരംഭിക്കുന്ന കൂലിയില്‍ തമിഴ് യുവതാരം ശിവകാര്‍ത്തികേയന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.