കോളിവുഡില്‍ ഹൊറര്‍ കോമഡി ചിത്രം ‘അരണ്‍മനൈ 4’ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. മെയ് 3ന് റിലീസ് ചെയ്ത ചിത്രം ആറ് ദിവസത്തിനുള്ളില്‍ 33.25 കോടി രൂപയാണ് തിയേറ്ററുകളില്‍ നിന്നും നേടിയിരിക്കുന്നത്. സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രം കോളിവുഡിന് തന്നെ കൈത്താങ്ങ് ആവുകയണ്.
സിനിമയ്ക്കായി നടി തമന്ന വാങ്ങിയ പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. അരണ്‍മനൈയിലെ സെല്‍വി എന്ന കഥാപാത്രത്തിനായി തമന്ന വാങ്ങിയത് അഞ്ച് കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ കുടുംബിനിയായും പ്രേതമായും തമന്ന എത്തുന്നുണ്ട്.
‘ജയിലര്‍’ എന്ന ചിത്രത്തില്‍ മിനുറ്റകളോളമുള്ള കഥാപാത്രത്തിനും ഡാന്‍സിനുമായി മൂന്ന് കോടി ആയിരുന്നു നടി വാങ്ങിയത്. അതേസമയം, ഓപ്പണിംഗ് ദിനത്തില്‍ തന്നെ അരണ്‍മനൈ 4.65 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റില്‍ എത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
റാഷി ഖന്ന ആണ് ചിത്രത്തിലെ മറ്റൊരു നായിക. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അരണ്‍മനൈ സീരിസിലെ ആദ്യ ചിത്രം 2014ല്‍ ആയിരുന്നു പുറത്തിറങ്ങിയത്. സുന്ദര്‍, ഹന്‍സിക മോട്വാനി, വിനയ് റായ്, ആന്‍ഡ്രിയ ജെറമിയ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
2016ലാണ് രണ്ടാമത്തെ ചിത്രം എത്തുന്നത്. സിദ്ധാര്‍ത്ഥ്, തൃഷ സുന്ദര്‍, ഹന്‍സിക എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. 2021ല്‍ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തില്‍ സുന്ദര്‍, ആര്യ, റാഷി ഖന്ന, ആന്‍ഡ്രിയ എന്നിവരാണ് അഭിനയിച്ചത്. ഓരോ സിനിമയിലും അഭിനേതാക്കള്‍ വീണ്ടും എത്തുന്നുണ്ടെങ്കിലും സിനിമകള്‍ തമ്മില്‍ ബന്ധമില്ല.