പാസത്തിന് പേര് കേട്ടതാണ് വിജയ് സിനിമകൾ… ഭൈരവ, മെർസൽ, സർക്കാർ, ബിഗിൽ, മാസ്റ്റർ, ബീസ്റ്റ്, വാരിസ് തുടങ്ങിയ സിനിമകളിലെല്ലാം അണ്ണൻ പാസം, തങ്കച്ചി പാസം, അമ്മ പാസം തുടങ്ങിയവയായിരുന്നു ഹൈലൈറ്റ്. എന്നാൽ ഇതിൽ നിന്നെല്ലാം ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ലിയോ മാത്രമായിരുന്നു അൽപം വ്യത്യസ്തമായി എത്തിയ വിജയ് ചിത്രം. അതിൽ തന്നെ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമയാണെങ്കിലും ലോകേഷ് കനകരാജിന്റെ പൊതുവെയുള്ള സിനിമകളിലെ ഒരു ക്വാളിറ്റി ലിയോയിൽ ഉണ്ടായിരുന്നില്ല എന്ന വിമർശനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ലിയോയ്ക്ക് ശേഷം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന സിനിമയാണ് വിജയ്യുടെതായി റിലീസിന് ഒരുങ്ങുന്നത്. നാളെ തീയേറ്ററുകളിൽ എത്തുന്ന സിനിമയിൽ ഡബിൾ റോളിലാണ് വിജയ് എത്തുക. ഈ സിനിമയിലെ ആദ്യത്തെ ഗാനം പുറത്തു വന്നത് മുതൽ നിരവധി ട്രോളുകളാണ് വന്നുകൊണ്ടിരുന്നത്. ഡി ഏയ്ജിങ്ങ് സാങ്കേതികവിദ്യ വഴിയാണ് സിനിമയിൽ വിജയ് ഒരു റോളിൽ ചെറുപ്പമായി എത്തുന്നത്. ചെറുപ്പമായി വിജയ് എത്തിയതോടെ നിരവധി വിമർശനങ്ങളും ട്രോളുകളുമാണ് വരുന്നത്.
വിജയ്യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സയൻസ് ഫിക്ഷൻ ഴോണറിൽ ഒരുങ്ങുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’. വിജയ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ആക്ഷൻ – ത്രില്ലർ സയൻസ് ഫിക്ഷൻ ഴോണറിൽ ഒരുങ്ങുന്ന ചിത്രമായത് കൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ വിജയ് ആരാധകർ നോക്കികാണുന്നത്.
ക്യാപ്റ്റൻ അമേരിക്ക സിവിൽ വാർ, ക്യാപ്റ്റൻ മാർവൽ എന്നീ ഹോളിവുഡ് ചിത്രങ്ങളിൽ ഡി ഏയ്ജിങുമായി വിഎഫ്എക്സ് ചെയ്ത ലോല വിഎഫ്എക്സ് ആണ് ഗോട്ടിന് വേണ്ടിയും ഡി ഏയ്ജിങ്ങ് ചെയ്യുന്നതെന്ന് പ്രതീക്ഷയേകുന്ന കാര്യമാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കഥാപാത്രങ്ങളുടെ പ്രായം കുറച്ച് സിനിമയിൽ അവതരിപ്പിക്കുന്നതാണ് ഡീ ഏയ്ജിങ്. എന്തായാലും മികച്ച ദൃശ്യനുഭവമാവും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക.
പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമീർ, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എ. ജി. എസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സയൻസ് ഫിക്ഷൻ ഴോണറിലുള്ള ചിത്രത്തിന് വേണ്ടി വിർച്വൽ പ്രൊഡക്ഷന്റെ ഭാഗയമായുള്ള സെറ്റ് വർക്കുകളുടെ ചിത്രങ്ങൾ വെങ്കട് പ്രഭു പങ്കുവെച്ചതും ഇതിനുവേണ്ടി വിജയ്യും സംവിധായകനും അമേരിക്ക സന്ദർശിച്ചതും വാർത്തകളിലിടം നേടിയിരുന്നു.
ഇതിനിടെ മോഹൻലാലിന്റെ കൂടെ ഗോട്ട് സംവിധായകൻ വെങ്കട് പ്രഭു നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിൽ മോഹൻലാൽ ഗസ്റ്റ് റോളിൽ എത്തുമോ എന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. നേരത്തെ വിജയ് ചിത്രം ‘ജില്ല’യിൽ മോഹൻലാലും വേഷമിട്ടിരുന്നു. അടുത്തിടെ നെൽസൺ ദിലീപ് കുമാർ- രജനികാന്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ജയിലറി’ലും മോഹൻലാൽ ഗസ്റ്റ് റോളിൽ ആയിരുന്നു എത്തിയിരുന്നത്.
സോഷ്യൽ മീഡിയയിൽ അടക്കം പല കാരണങ്ങളാൽ ചർച്ചയായ ഒരു സിനിമ ആയതുകൊണ്ട് തന്നെ ഈ സിനിമ വിജയിക്കുമോ അതോ വിമർശിക്കപ്പെടുമോ എന്ന തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ അടക്കം നടന്നുകൊണ്ടിരിക്കുന്നത്. എന്തായാലും സിനിമയെ കുറിച്ചുള്ള പ്രതികരണങ്ങൾ അറിയാൻ നാളെ വരെ കാത്തിരിക്കേണ്ടി വരും.