വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു ഒരുക്കിയ ‘കോബ്ര’ ഒ.ടി.ടിയില്‍ റിലീസിനെത്തുന്നു. ഇന്ന് മുതല്‍ ചിത്രം സോണി ലിവില്‍ സ്ടീം ചെയ്യും. സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ വ്യത്യസ്ത വേഷപ്പകര്‍ച്ചകളുമായിട്ടാണ് വിക്രം എത്തിയത്. ഗണിത ശാസ്ത്രജ്ഞനായ മതിയഴകന്റെ കഥയാണ് ചിത്രം പറയുന്നത്.
സിനിമയുടെ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ് താന്‍ എന്നാണ് വിക്രം പറയുന്നത്. ”ഈ സിനിമ എനിക്കും മറ്റ് അഭിനേതാക്കള്‍ക്കും വലിയ ഒരു ബ്രേക്കാണ് സമ്മാനിച്ചത്. ഇത്രയും കഴിവുള്ള അഭിനേതാക്കള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു.”
”കഴിവുറ്റ പുതിയ വ്യക്തികളാണ് സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. ശക്തമായ കഥാപാത്രങ്ങളും കഥയും പ്രേക്ഷകരെ അവസാനം വരെ പിടിച്ചിരുത്തും. സോണി ലിവില്‍ കോബ്രയുടെ ഒ.ടി.ടി റിലീസിനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു” എന്നാണ് വിക്രം പറയുന്നത്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, ശ്രീനിധി ഷെട്ടി, റോഷന്‍ മാത്യു, സര്‍ജാനോ ഖാലിദ്, മിയ, മാമുക്കോയ, കെ.എസ് രവികുമാര്‍, രേണുക, റോബോ ശങ്കര്‍, മൃണാളിനി രവി, മീനാക്ഷി ഗോവിന്ദരാജന്‍, പൂവൈയ്യാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.