ചിമ്പുവിനെതിരേ വിശാലും; തമിഴ് സിനിമയില്‍ വിവാദം പുതിയ തലത്തിലേക്ക്

എഎഎ അഥവാ അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍ എന്ന ചിത്രം പൂര്‍ണ പാരജയമായതിന്റെ കാരണം ചിമ്പുവാണെന്നുള്ള ചിത്രത്തിന്റെ നിര്‍മാതാവ് മൈക്കിള്‍ രായപ്പന്റെ പ്രസ്താവന തമിഴ് സിനിമയില്‍ വീണ്ടും വിവാദമാകുന്നു. കീ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്ങില്‍ ചിമ്പുവിനെതിരേ നടനും നടികര്‍ സംഘം സെക്രട്ടറിയുമായി വിശാലും രംഗത്ത് വന്നു.

മൈക്കിള്‍ രായപ്പന്റെ പരാതിയില്‍ ഇതുവരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് പിഎല്‍ തേനപ്പന്‍ എന്ന നിര്‍മാതാവ് സദസില്‍ വെച്ച് ചോദിച്ചതിന് മറുപടി പറയുകയായിരുന്നു വിശാല്‍. സിനിമ വമ്പന്‍ പരാജയമായതിന് ചിമ്പുവിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പഠിച്ചു വരികയാണെന്നും ക്ഷമകാണിക്കണമെന്നും ഓഡിയോ ലോഞ്ചിനെത്തിയ വിശാല്‍ വ്യക്തമാക്കി.

ചിമ്പുവിനെതിരായ ആരോപണത്തില്‍ കൂടുതല്‍ പ്രതികരണങ്ങളൊന്നുമുണ്ടാക്കാത്തതാണ് നടപടിയെടുക്കാത്തതെന്നും പ്രതികരണത്തിന് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും വിശാല്‍ വ്യക്തമാക്കി. എഎഎ എന്ന ചിത്രം പൂര്‍ണ്ണ പരാജയമായതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ചിമ്പുവിനാണെന്ന ആരോപണമാണ് നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പന്‍ നടത്തിയത്. സിനിമ പരാജയപ്പെട്ടത് മൂലം തനിക്കുണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടം ചിമ്പുതന്നെ നികത്തണമെന്നും മൈക്കിള്‍ രായപ്പന്‍ ആവശ്യപ്പെട്ടത് തമിഴ് സിനിമാ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.