നിര്‍മ്മാതാക്കളുടെ സംഘടനാ യോഗത്തില്‍ കയ്യാങ്കളി; നടന്‍ വിശാലിന് മര്‍ദ്ദനമേറ്റതായി വിവരം

തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ യോഗത്തില്‍ ഉയര്‍ന്ന അഴിമതി ആരോപണത്തെ ചൊല്ലി കയ്യാങ്കളി. തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ തെളിവ് ചോദിച്ച സംഘടനാ നേതാവ് കൂടിയായ വിശാലിനെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ മര്‍ദ്ദിച്ചതായി പറയുന്നുണ്ട്.

നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് ഏഴു കോടി രൂപ ഫണ്ടുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ രണ്ടു കോടി രൂപ മാത്രമാണ് അവശേഷിക്കുന്നത്. മിച്ചം പണം എവിടെ പോയെന്നാണ് ഉയര്‍ന്ന് കേട്ട ആരോപണം. പണം ചെലവായതിന്റെ കണക്ക് വിശാല്‍ എട്ടു മാസമായി വെച്ചു താമസിപ്പിക്കുകയാണെന്നും ഇത് ചോദിച്ചതാണ് ബഹളങ്ങള്‍ക്ക് വഴിവെച്ചതുമെന്നാണ് പുറത്തുവരുന്ന വിവരം.

യോഗശേഷം മാധ്യമങ്ങളെ കണ്ട വിശാല്‍ തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ നിഷേധിക്കുകയും നിര്‍മ്മാതാക്കള്‍ തന്നെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

വിശാല്‍ ആര്‍.കെ. നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതും നിര്‍മ്മാതാക്കള്‍ എതിര്‍ത്തു. സംഘടനയുടെ ബൈലോ പ്രകാരം ഏതെങ്കിലും സ്ഥാനം വഹിക്കുന്നയാള്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കങ്ങളാണ് വിശാലിന് നേരെ നിര്‍മ്മാതാക്കള്‍ കൈപൊക്കുന്നതിലേക്ക് എത്തിയത്.