കുക്കറി ഷോയില്‍ ബീഫ് പാകം ചെയ്തതിന് പിന്നാലെ തനിക്ക് വധഭീഷണിയെന്ന് ബംഗാളി നടിയും അവതാരകയുമായ സുദീപ ചാറ്റര്‍ജി. ഈ കുക്കറി ഷോയില്‍ പങ്കെടുത്തതിനാണ് സുദീപയ്‌ക്കെതിരെ ഭീഷണികള്‍ ഉയരാന്‍ ആരംഭിച്ചത്. ഷോയില്‍ ഒരു മത്സരാര്‍ഥി ബീഫ് പാകം ചെയ്തതിനെ താന്‍ പ്രോത്സാഹിപ്പിച്ചു എന്ന് പറഞ്ഞാണ് ഭീഷണികള്‍ എത്തുന്നത്.
സുദീപയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള ബന്ധവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി തന്നെ കരുവാക്കുകയാണ് എന്നാണ് സുദീപ പറയുന്നത്. ബംഗാളി ടെലിവിഷന്‍ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് നടി സുദീപ.
സുദീപയുടെ വാക്കുകള്‍:
സോഷ്യല്‍ മീഡിയയില്‍ എന്നെ വിമര്‍ശിക്കുന്നവര്‍ വീഡിയോ മുഴുവനായി കണ്ടില്ല എന്ന് വേണം കരുതാന്‍. ഞാന്‍ ബീഫ് കഴിച്ചിട്ടില്ല, അതിനെ തൊട്ടിട്ട് പോലുമില്ല. മത്സരാര്‍ഥിയാണ് അത് പാകം ചെയ്തത്. വീഡിയോ എഡിറ്റ് ചെയ്തതല്ല, ആര്‍ക്ക് വേണമെങ്കിലും ഇത് പരിശോധിച്ച് സ്ഥിരീകരിക്കാവുന്നതാണ്. ബീഫ് അവരുടെ പ്രധാനഭക്ഷണങ്ങളില്‍ ഒന്നാണെന്ന് പരിപാടിയുടെ സംഘാടകര്‍ പറഞ്ഞിരുന്നു.
ഈദ് ആഘോഷത്തിന്റെ ഭാഗമായി ആയിരുന്നു പരിപാടിയും. എന്തിനാണ് മറ്റുള്ളവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നത്? ഞാനവിടെ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് പോയത്. മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമാണ് എന്റേത്. ഒരു മതേതരത്വ രാജ്യമെന്ന നിലയ്ക്ക് മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കാനാവില്ല. എന്റെ കൂടെയുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് മമതാ ബാനര്‍ജിക്കും ബാബുള്‍ സുപ്രിയോയ്ക്കും നേരെ അസഭ്യവര്‍ഷമാണ്.
തൃണമൂലെന്നല്ല, ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയും ഇപ്പോഴുയരുന്ന വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കണ്ട. ബിജെപിയുടെ പേരില്‍ നിരവധി ഭീഷണികളാണ് വരുന്നത്. എന്നെ ജീവനോടെ കത്തിക്കും, മകനെ തട്ടിക്കൊണ്ടു പോകും എന്നിങ്ങനെ പോകും എന്നിങ്ങനെ പോകുന്നു ഭീഷണികള്‍… മരിച്ചുപോയ എന്റെ അമ്മയെ വരെ അസഭ്യം പറയുകയാണ് ഒരുപറ്റം ആളുകള്‍.