ഇങ്ങനെ വിദ്വേഷം പ്രചരിപ്പിക്കുന്നത്, അറ്റ്‌ലിയുടെ ലുക്കിനെ ഞാന്‍ എവിടെയാണ് കളിയാക്കുന്നത്..; വിമര്‍ശനങ്ങളോട് കപില്‍ ശര്‍മ്മ

സംവിധായകന്‍ അറ്റ്‌ലിയെ അപമാനിച്ചുവെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് അവതാരകനും നടനുമായ കപില്‍ ശര്‍മ്മ. ‘ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ’ എന്ന പരിപാടിയുടെ പുതിയ എപ്പിസോഡില്‍ ‘ബേബി ജോണ്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അറ്റ്‌ലിയും ചിത്രത്തിലെ താരങ്ങളായ വരുണ്‍ ധവാന്‍, കീര്‍ത്തി സുരേഷ്, വാമിക ഗബ്ബി എന്നിവരും പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ കപില്‍ നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയായത്.

‘നിങ്ങള്‍ ഒരു താരത്തെ കാണാന്‍ പോയപ്പോള്‍ അവര്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സംഭവമുണ്ടായിട്ടുണ്ടോ, അറ്റ്ലി എവിടെയെന്ന് അവര്‍ ചോദിച്ചിട്ടുണ്ടോ?’ എന്നായിരുന്നു കപില്‍ ശര്‍മയുടെ ചോദ്യം. ”നിങ്ങളുടെ ചോദ്യം എനിക്ക് മനസിലായി. ഞാന്‍ ഉത്തരം നല്‍കാന്‍ ശ്രമിക്കും. എ.ആര്‍ മുരുകദോസ് സാറിനോട് ഞാന്‍ വളരെ നന്ദിയുള്ളവനാണ്.”

”കാരണം അദ്ദേഹമാണ് എന്റെ ആദ്യ ചിത്രം നിര്‍മ്മിച്ചത്. അദ്ദേഹം ഒരു സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടു, പക്ഷേ ഞാന്‍ എങ്ങനെ ഇരിക്കുന്നു എന്നത് അദ്ദേഹത്തിന് പ്രശ്‌നമല്ലായിരുന്നു. എനിക്ക് അതിന് കഴിവുണ്ടോ ഇല്ലയോ എന്നാണ് അദ്ദേഹം നോക്കിയത്. അദ്ദേഹത്തിന് എന്റെ സ്‌ക്രിപ്റ്റ് ഇഷ്ടമായി. ലോകം അത് കാണണം. രൂപം കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഒരാളെ വിലയിരുത്തേണ്ടത്” എന്നായിരുന്നു അറ്റ്‌ലിയുടെ മറുപടി.

ഇതിന് പിന്നാലെയാണ് കപില്‍ ശര്‍മ്മയെ പരിഹസിച്ചും വിമര്‍ശിച്ചും കമന്റുകള്‍ എത്തിയത്. നിറത്തിന്റെ പേരില്‍ കപില്‍ അറ്റ്‌ലിയെ പരിഹസിച്ചുവെന്ന വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഈ വിമര്‍ശനങ്ങളോടാണ് കപില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ‘കപില്‍ ശര്‍മ്മ അറ്റ്‌ലിയുടെ ലുക്കിനെ കളിയാക്കുന്നു’ എന്ന ക്യാപ്ഷനോടെ എത്തിയ വീഡിയോ പങ്കുവച്ചാണ് കപിലിന്റെ മറുപടി.

”പ്രിയപ്പെട്ട സാറേ, അദ്ദേഹത്തിന്റെ ലുക്കിനെ കുറിച്ച് ഞാന്‍ സംസാരിക്കുന്നുതെന്ന് ഈ വീഡിയയില്‍ എവിടെയാണെന്ന് ഒന്ന് വ്യക്തമാക്കാമോ? ദയവായി സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ വിദ്വേഷം പ്രചരിപ്പിക്കരുത്. ഗയ്‌സ് നിങ്ങള്‍ ആരുടെയെങ്കിലും ട്വീറ്റ് കണ്ട് ഫോളോ ചെയ്ത് പോകാതെ വീഡിയോ കണ്ട് തീരുമാനിക്കൂ എന്താണ് ശരിയെന്ന്” എന്നാണ് കപില്‍ ശര്‍മ്മ എക്‌സില്‍ കുറിച്ചിരിക്കുന്നത്.