മോദിയെ മെന്‍ഷന്‍ ചെയ്ത ട്വീറ്റില്‍ നഷ്ടമായത് ഒമ്പത് ലക്ഷം! മാലി ദ്വീപില്‍ ഇന്റര്‍നെറ്റ് ഇല്ലാത്ത മുറിയില്‍ ഒളിച്ചു കഴിഞ്ഞു: കപില്‍ ശര്‍മ്മ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മെന്‍ഷന്‍ ചെയ്ത ട്വീറ്റില്‍ തനിക്ക് നഷ്ടമായത് 9 ലക്ഷം രൂപയാണെന്ന് അവതാരകനും നടനുമായ കപില്‍ ശര്‍മ്മ. മദ്യപിച്ചിരുന്നപ്പോള്‍ ചെയ്ത ട്വീറ്റ് ചര്‍ച്ചയാവുകയായിരുന്നു. നെറ്റ്ഫ്‌ളിക്‌സിന്റെ ‘അയാം നോട്ട് ഡണ്‍ യെറ്റ്’ എന്ന ഷോയിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

2016ല്‍ അന്ധേരിയിലെ തന്റെ ഓഫീസ് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട കപിലിന്റെ ട്വീറ്റ് ആണ് വിവാദമായത്. ‘കഴിഞ്ഞ അഞ്ച് വര്‍ഷമായി 15 കോടിയുടെ നികുതി നല്‍കുന്നുണ്ട്. ഇനി തന്റ ഓഫീസിനായി മുംബൈ ബിഎംസിയ്ക്ക് 5 ലക്ഷം കോഴ നല്‍കണമോ’ എന്നായിരുന്നു ട്വീറ്റ്.

മോദിയെ മെന്‍ഷന്‍ ചെയ്തു കൊണ്ടുള്ള ട്വീറ്റില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിന് മറുപടിയുമായി എത്തി. കോഴ ചോദിച്ചവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ട്വീറ്റ് ചര്‍ച്ചയായപ്പോള്‍ തന്നെ താന്‍ മാലി ദ്വീപിലേക്ക് പോവുകയായിരുന്നു. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത മുറി വേണമെന്ന് അവരോട് പറഞ്ഞു. താങ്കള്‍ വിവാഹിതനാണോ എന്നാണ് അവര്‍ ചോദിച്ചത്. ഇല്ല ഒരു ട്വീറ്റ് ചെയ്തുവെന്നായിരുന്നു മറുപടി.

ഒമ്പത് ദിവസത്തോളം അവിടെ താമസിച്ചതിന് നഷ്ടമായത് ഒമ്പത് ലക്ഷം രൂപയാണ്. ആദ്യമായാണ് ജീവിതത്തില്‍ ഇത്രയും പണം ചെലവാക്കുന്നത് എന്നാണ് കപില്‍ പറയുന്നത്. അതേസമയം, താരത്തിന്റെ കപില്‍ ശര്‍മ്മ ഷോ എന്ന പരിപാടിക്ക് ആരാധകര്‍ ഏറെയാണ്. ഇറ്റ്‌സ് മൈ ലൈഫ് ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.