ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് രഹസ്യമായി ഷൂട്ടിംഗ് നടത്തിയത് ഏഷ്യാനെറ്റ് ചാനലിലെ സീതാകല്യാണം എന്ന സീരിയലിന് വേണ്ടിയെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ അനധികൃതമായി തിരുവനന്തപുരത്ത് ചിത്രീകരണം നടത്തുകയായിരുന്നു.
സീതാകല്യാണം എന്ന സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന 20 ഓളം താരങ്ങളും അണിയറ പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത് എന്നാണ് സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ഷൂട്ടിംഗ് നടത്തുകയായിരുന്നു.
ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച ഇടവ പഞ്ചായത്ത് 12-ാം വാര്‍ഡിലാണ് രഹസ്യമായി ചിത്രീകരണം നടന്നത്. ഓടയത്തുള്ള പാം ട്രീ റിസോര്‍ട്ടില്‍ ആയിരുന്നു ഷൂട്ടിംഗ്. വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തി റിസോര്‍ട്ട് അയിരൂര്‍ പൊലീസ് സീല്‍ ചെയ്യുകയും റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച അന്നു മുതല്‍ സംസ്ഥാനത്ത് സിനിമ- സിരീയല്‍ എന്നിവയുടെ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഷൂട്ടിംഗുകള്‍ നടത്തുന്നതിന് നിരോധനമുണ്ട്. നിയമങ്ങള്‍ പാലിക്കാതെ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.