Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TELEVISION

അബ്രഹാമിന്‍റെ സന്തതികള്‍ മുതല്‍ ക്വീന്‍ വരെ; ഈ ഓണത്തിന് ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന സിനിമകള്‍

, 1:20 pm

ഈ ഓണത്തിന് പുതിയ സിനിമകളുമായാണ് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ എത്തുന്നത്. സൂര്യ ടിവി, ഏഷ്യാനെറ്റ്, മഴവില്‍ മനോരമ, ഫ്‌ളവേഴ്‌സ്, അമൃത എന്നീ ചാനലുകളാണ് പുതിയ സിനിമകളുമായി പ്രേക്ഷകരിലേക്ക് എത്തുന്നത്.

മഴവില്‍ മനോരമ സംപ്രേഷണം ചെയ്യുന്നത് എട്ട് സിനിമകളാണ്. ഇവ എല്ലാം തന്നെ ടെലിവിഷനില്‍ ആദ്യമായി വരുന്ന സിനിമകളാണ്. മമ്മൂട്ടിയുടെ പരോള്‍, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളാണ് മഴവില്‍ സംപ്രേഷണം ചെയ്യുന്നത്. ഇവ രണ്ടും ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ മമ്മൂട്ടി സിനിമകളാണ്. ഇവയ്‌ക്കൊപ്പം ഉണ്ണി മുകുന്ദന്‍ നായകനായ ചാണക്യതന്ത്രം, ജയറാം, കുഞ്ചാക്കോ ബോബന്‍ ചിത്രം പഞ്ചവര്‍ണതത്ത, പുതുമുഖങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളായ വിശ്വവിഖ്യാതരായ പയ്യന്മാര്‍, പുതുമുഖങ്ങള്‍ അഭിനയിച്ച് തിയേറ്ററില്‍ ഏറെ അനക്കം സൃഷ്ടിച്ച ക്വീന്‍, മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനായി എത്തിയ കല്യാണം എന്നീ സിനിമകളുമുണ്ട്. ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം വേലൈക്കാരനും മഴവില്‍ തന്നെയാണ് സംപ്രേഷണം ചെയ്യുന്നത്.

ഇപ്പോഴും തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളാണ് സൂര്യ ടിവി സംപ്രേഷണം ചെയ്യുന്നത്. മമ്മൂട്ടിയുടെ തന്നെ അങ്കിളും സൂര്യ സംപ്രേഷണം ചെയ്യുന്നുണ്ട്. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം നീരാളിയും സൂര്യയുടെ സിനിമാ ലിസ്റ്റിലുണ്ട്. മായാനദി, ഞാന്‍ മേരിക്കുട്ടി, കുട്ടനാടന്‍ മാര്‍പാപ്പ, ഒരായിരം കിനാക്കളാല്‍ തുടങ്ങിയ സിനിമകളും സൂര്യയില്‍ കാണാം.

പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം ആദി സംപ്രേഷണം ചെയ്യുന്നത് അമൃത ടിവിയാണ്. തിരുവോണ ദിനത്തിലാണ് അമൃത ആദി സംപ്രേഷണം ചെയ്യുന്നത്. മൂന്നര ക്കോടി രൂപയിലേറെ മുടക്കിയാണ് ചാനല്‍ ഈ ചിത്രത്തിന്റെ അവകാശം നേടിയത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ആദിയ്‌ക്കൊപ്പം വെളിപാടിന്റെ പുസ്തകം, എസ്ര, അങ്കമാലി ഡയറീസ് എന്നീ സിനിമകളും അമൃത സംപ്രേഷണം ചെയ്യുന്നുണ്ട്.

ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് എന്നീ ചാനലുകളിലും സിനിമകളുണ്ട്. മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സ്, കാളിദാസിന്റെ പൂമരം, നിരൂപക പ്രശംസ നേടിയ സുഡാനി ഫ്രം നൈജീരിയ, ജയസൂര്യയുടെ ക്യാപ്റ്റന്‍ തുടങ്ങിയ മെയിന്‍ സിനിമകളും സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അരവിന്ദന്റെ അതിഥികള്‍, ആട് 2, ഉദാഹരണം സുജാത, മെര്‍സല്‍ തുടങ്ങിയ ഹിറ്റ് സിനിമകളും ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്നുണ്ട്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ക്യാപ്റ്റന്‍ കൈരളിയും സംപ്രേഷണം ചെയ്യുന്നുണ്ട്. വിജയ് ചിത്രം മെര്‍സലാണ് കൈരളിയുടെ മറ്റൊരു ചിത്രം.

ഫ്‌ളവേഴ്‌സ് ടിവിയുടെ സിനിമകള്‍ ഏതൊക്കെയാണെന്ന പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ദിലീപ് ചിത്രമായ കമ്മാരസംഭവം ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ചെയ്‌തേക്കുമെന്ന ചില ഊഹാപോഹങ്ങള്‍ ഉണ്ടെങ്കിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Advertisement