സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ മേഖലയില്‍ ഉയര്‍ന്നുവന്ന ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ സീരിയല്‍ രംഗത്തും സമാനമായ ആരോപണങ്ങള്‍ ഉയരുന്നു. കൊച്ചിയില്‍ സീരിയല്‍ ചിത്രീകരണത്തിനിടെ നടിയ്‌ക്കെതിരെ ലൈംഗികാതിക്രമമെന്ന് പരാതി. സീരിയല്‍ രംഗത്ത് നിന്ന് ബിഗ് സ്‌ക്രീനിലേക്കെത്തിയ ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെയാണ് നടിയുടെ പരാതി.

ഇരയുടെ പരാതിയില്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സീരിയല്‍ ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്ന് നടി നല്‍കിയ പരാതിയില്‍ പറയുന്നു. സീരിയല്‍ താരങ്ങളില്‍ ഒരാള്‍ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാള്‍ സംഭവം പുറത്ത് പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

ലൈംഗികാതിക്രമം സമീപകാലത്ത് നടന്നതായാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ സംഭവത്തില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ തൃക്കാക്കര പോലീസിന് കൈമാറിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുമെന്നാണ് വിവരം.