ക്ഷേത്രദര്‍ശനം പ്രണയത്തിലേക്ക്, വിവാഹം ചെയ്യാനാവശ്യപ്പെട്ടതോടെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി; യുവനടിയെ കൊന്ന പൂജാരിക്ക് ജീവപര്യന്തവും 10 ലക്ഷം പിഴയും

യുവനടിയെ കൊലപ്പെടുത്തിയ കേസില്‍ ക്ഷേത്ര പുരോഹിതന് ജീവപര്യന്തം തടവ്. ടിവി താരം കുറുഗന്തി അപ്‌സരയെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ മറവ് ചെയ്ത കേസിലാണ് പൂജാരിയായ അയ്യഗരി വെങ്കട സായ് കൃഷ്ണയെ കുറ്റക്കാരനെന്ന് കണ്ടെത്തി തെലങ്കാന രംഗറെഡ്ഡി ജില്ലാ കോടതി ശിക്ഷ വിധിച്ചത്. തെളിവുകള്‍ നശിപ്പിച്ചതിന് 10,000 രൂപ പിഴയും ഏഴ് വര്‍ഷം കൂടി തടവും വിധിച്ചിട്ടുണ്ട്. നടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

2023ല്‍ ആണ് അപ്‌സര കൊലപാതകം നടക്കുന്നത്. സായ് കൃഷ്ണ പൂജാരിയായിരുന്ന ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു അപ്‌സര. ക്ഷേത്ര ദര്‍ശനം പ്രണയത്തിന് വഴിമാറുകയായിരുന്നു. വിവാഹിതനായിരുന്നെങ്കിലും അപ്സരയുമായുള്ള ബന്ധം സായ് കൃഷ്ണ തുടരുകയായിരുന്നു. എന്നാല്‍ ഇതിനിടെ അപ്‌സര തന്നെ വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടത് സായ് കൃഷ്ണയെ പ്രകോപിപ്പിക്കുകയായിരുന്നു. അപ്‌സര വിവാഹം കഴിക്കാമെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു.

സുഹൃത്തുക്കള്‍ക്കൊപ്പം കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യാനിരുന്ന അപ്‌സരയെ വിമാനത്താവളത്തില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് സായ് കൃഷ്ണ ഷംഷാബാദിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് കൊല്ലുകയുമായിരുന്നു. കൃത്യം നടക്കുന്നതിന്റെ തലേന്ന് രാത്രി 8:15 ഓടെയാണ് ഇരുവരും സരൂര്‍നഗറില്‍ നിന്ന് പുറപ്പെടുന്നത്. 10 മണിയോടെ ഷംഷാബാദിലെ ഹോട്ടലില്‍ അത്താഴം കഴിച്ച ശേഷം ജൂണ്‍ 4ന് പുലര്‍ച്ചെ 3:50 ഓടെ നാര്‍കുഡയിലെത്തി.

വിജനമായ പ്രദേശത്ത് എത്തിയതോതെ കാറില്‍ ഉറങ്ങുകയായിരുന്ന അപ്‌സരയെ സായ് കൃഷ്ണ സീറ്റ് കവര്‍ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും കല്ല് കൊണ്ട് തലയില്‍ അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യത്തിന് ശേഷം സരൂര്‍നഗറിലെ വീട്ടിലേക്ക് മടങ്ങിയ പ്രതി മൃതദേഹം കവറില്‍ പൊതിഞ്ഞ് രണ്ട് ദിവസം കാറില്‍ സൂക്ഷിച്ചു. മൃതദേഹത്തില്‍ നിന്നുള്ള ദുര്‍ഗന്ധം തടയാന്‍ റൂം ഫ്രഷ്‌നറുകള്‍ ഉപയോഗിക്കുകയും ചെയ്തു.

പിന്നീട്, അപ്‌സരയുടെ മൃതദേഹം കവറില്‍ പൊതിഞ്ഞ് സരൂര്‍നഗറിലെ ബംഗാരു മൈസമ്മ ക്ഷേത്രത്തിനടുത്തുള്ള മാന്‍ഹോളില്‍ തള്ളി. കുറ്റകൃത്യം മറച്ചു വയ്ക്കാനായി മാന്‍ഹോളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി പറഞ്ഞ് രണ്ട് ട്രക്ക് മണ്ണ് കൊണ്ടുവന്ന് മാന്‍ഹോള്‍ നിറച്ച് സിമന്റ് ഉപയോഗിച്ച് അടയ്ക്കുകയായിരുന്നു. ഷംഷാബാദില്‍ വച്ച് അപ്‌സരയെ കാണാതായി എന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അപ്‌സരയുടെ അമ്മയുടെ സഹോദരന്‍ എന്ന പേരിലാണ് പരാതി നല്‍കിയത്. അപ്‌സര മരുകള്‍ ആണെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ സായ് കൃഷ്ണയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ശ്രദ്ധിച്ച പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. കേസില്‍ നിര്‍ണായക തെളിവുകളാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.