സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ഫിലിം ചേംബര്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഉപേക്ഷിച്ചു. സിനിമാ സംഘടനകള്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. സിനിമ സംഘടനകളുടെ വിവിധ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന സജി ചെറിയാന്റെ ഉറപ്പിന്മേലാണ് സംഘടനകള്‍ പണിമുടക്ക് ഉപേക്ഷിച്ചത്.
നികുതി മുതല്‍ ഷൂട്ടിംഗ് അനുമതി വരെയുള്ള വിവിധ ആവശ്യങ്ങളാണ് പരിഗണിക്കാമെന്ന് മന്ത്രി സംഘടനകള്‍ക്ക് ഉറപ്പ് നല്‍കിയത്. വിനോദ നികുതിയും, ജിഎസ്ടിയും ഒരുമിച്ച് കേരളത്തില്‍ ഈടാക്കുന്നുണ്ട്. അതില്‍ ഒന്ന് ഒഴിവാക്കണം എന്നാണ് നിര്‍മ്മാതാക്കളുടെ പ്രധാന ആവശ്യം. കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമാണ് ഇത്തരത്തില്‍ ഇരട്ട നികുതി എന്ന് നിര്‍മ്മാതാക്കള്‍ മന്ത്രിയെ അറിയിച്ചു.
വിഷയത്തില്‍ ധനവകുപ്പുമായി സംസാരിക്കണമെന്ന് മന്ത്രി ഭാരവാഹികളോട് പറഞ്ഞു. വിനോദ നികുതിയുടെ ഒരു ഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് തദ്ദേശ വകുപ്പ് മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യണം. ഷൂട്ടിംഗ് അനുമതികളുമായി ബന്ധപ്പെട്ട് വനം വകുപ്പുമായി ചര്‍ച്ച നടത്തണം. അങ്ങനെ വിവിധ വകുപ്പുകളുമായി സംസാരിച്ച്, കാര്യങ്ങളില്‍ രണ്ടാഴ്ചക്കുള്ളില്‍ വിശദമായ മാര്‍ഗ്ഗരേഖ പുറത്തിറക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി.