മലയാളത്തിന് ഇന്ത്യൻ സിനിമയുടെ മുമ്പിൽ തലയുയർത്തി നിൽക്കാൻ പാകത്തിലുള്ള സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ഇന്ന് രാവിലെ അന്തരിച്ച കെ. ജി ജോർജ്. മലയാളത്തിൽ നവ തരംഗ സിനിമയ്ക്ക് തുടക്കമിട്ട പ്രധാനപ്പെട്ട സംവിധായകരിൽ ഒരാളായിരുന്നു കെ. ജി ജോർജ്.
അദ്ദേഹവുമായുള്ള ഓരോർമ്മ പങ്കുവെക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. 1980 ലാണ് കെ. ജി ജോർജിന്റെ ‘മേള’ എന്ന സിനിമ റിലീസ് ചെയ്യുന്നത്. സർക്കസ് കൂടാരവും അവിടുത്തെ മനുഷ്യരുടെ ജീവിതവും പറഞ്ഞ സിനിമയിൽ മമ്മൂട്ടി മോട്ടോർ അഭ്യാസിയായാണ് എത്തിയത്. അന്ന് സ്റ്റണ്ട് അധികം വശമില്ലാത്ത ആളായിരുന്നു മമ്മൂട്ടി. എന്നാൽ കെ. ജി ജോർജിന്റെ ശിക്ഷണത്തിൽ മമ്മൂട്ടി മേളയുടെ സെറ്റിൽ തന്നെ സ്റ്റണ്ട് പഠിച്ചു.
“മേളയിൽ ഒരു ചെറിയ ആക്ഷൻ സീനുണ്ട്, സ്റ്റണ്ട് മാസ്റ്ററൊന്നുമില്ല. സംവിധായകൻ തന്നെയാണ് സ്റ്റണ്ട് മാസ്റ്റർ. എനിക്ക് ഇതൊന്നും പരിചയമില്ലായിരുന്നു. പുള്ളി എന്നോട് ഓപ്പോസിറ്റ് സൈഡിൽ നിന്നും ചവിട്ടാൻ പറഞ്ഞു. ഞാൻ അതുപോലെ ചെയ്തു. എന്റെ ചവിട്ട് കൊണ്ട് അദ്ദേഹം അവിടെ വീണു. ഡയറക്ടറെ ചവിട്ടിയാണ് ഞാൻ സ്റ്റണ്ട് പഠിച്ചത്. അതിന് പോലും അദ്ദേഹത്തിന് മടിയില്ലായിരുന്നു” എന്നാണ് മമ്മൂട്ടി മുൻപൊരു അഭിമുഖത്തിൽ പറഞ്ഞത്.
ഇവിടെയുള്ള മികച്ച നടന്മാരെക്കാളും പ്രഗത്ഭനായ അഭിനേതാവാണ് കെ. ജി ജോർജെന്നും, ജോർജ് സാറിന്റെ രൂപത്തിലും രീതിയിലും അദ്ദേഹം കാണിക്കുന്നതിന്റെ ഒരു ശതാമനമെങ്കിലും കാണിച്ചാൽ വലിയ അഭിനേതാവ് ആകാമെന്നും മമ്മൂട്ടി പറഞ്ഞു.
അതേ സമയം കെ. ജി ജോർജിന്റെ നിര്യാണത്തിൽ മമ്മൂട്ടി ആദരാഞ്ജലികൾ അർപ്പിച്ചു. ‘ഹൃദയത്തോട് ചേർത്തു വെച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു. ആദരാഞ്ജലികൾ ജോർജ് സാർ’ മമ്മൂട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു.