ജോജു ജോര്‍ജ്ജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം പണിയുടെ റിവ്യു പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് താരം. ഏറെ കാലം മുന്‍പ് തന്നെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന ആളാണ് ജോജു ജോര്‍ജ്ജ്. ചെറിയ വേഷങ്ങളിലൂടെ ഏറെ നാളത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണ് താരം മലയാള സിനിമ ലോകത്ത് സ്വന്തമായൊരു സ്ഥാനം നേടിയെടുത്തത്.
നിരവധി ചിത്രങ്ങളില്‍ നായക വേഷം ചെയ്ത ജോജു ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തൃശൂര്‍ ഗ്യാങ്ങുകളുടെ പകയുടെ കഥ പറയുന്ന പണി തീയറ്റേറുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് പുതിയ വിവാദങ്ങള്‍ ഉടലെടുത്തത്.
ജോജു ജോര്‍ജ്ജിന്റെ പണി മികച്ച അഭിപ്രായം നേടി തീയറ്റേറുകളില്‍ മുന്നേറുന്നതിനിടെ സോഷ്യല്‍ മീഡിയയിലെത്തിയ ഒരു റിവ്യു പോസ്റ്റ് ആണ് വിവാദങ്ങള്‍ക്ക് വഴി തുറന്നത്. റിവ്യു പോസ്റ്റ് ചെയ്ത ആദര്‍ശിനെ ജോജു ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭാഷണം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ താരത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
എന്നാല്‍ തന്റെ സിനിമയ്ക്കെതിരെ മോശം റിവ്യൂ പോസ്റ്റ് ചെയ്ത എല്ലാവര്‍ക്കെതിരെയും പ്രതികരിക്കുകയല്ല താന്‍ ചെയ്തതെന്നും ആദര്‍ശിന്റെ കാര്യം മറ്റൊന്നാണെന്നും ജോജു പറഞ്ഞു. ഒരാളിരുന്ന് പല ഗ്രൂപ്പുകളില്‍ സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യു പറയുന്നു. അയാള്‍ പേഴ്സണല്‍ പോസ്റ്റില്‍ പോലും സിനിമ കാണരുതെന്ന് കമന്റ് ചെയ്തു. സ്പോയ്ലര്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ഘട്ടത്തിലാണ് താന്‍ പ്രതികരിച്ചതെന്നും ജോജു വ്യക്തമാക്കി.
Read more
വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളണമെന്ന് ആളുകള്‍ പറയുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള വിമര്‍ശനങ്ങളെ എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്ന് മനസിലാകുന്നില്ലെന്നും താരം പറഞ്ഞു. തന്റെ അവകാശങ്ങള്‍ അപ്പോള്‍ എവിടെ പറയുമെന്ന് ജോജു ചോദിക്കുന്നു. സിനിമയ്ക്കെതിരെ ഒരുപാട് നെഗറ്റീവ് റിവ്യൂ വന്നു. അതിനോടൊന്നും താന്‍ ഒരുതരത്തിലും പ്രതികരിച്ചിട്ടില്ല. ഇത് എയറിലായി. അത് തന്റെ ഗതികേടാണെന്നും ജോജു ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.