ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ പ്രേക്ഷകര്‍ മനസില്‍ സൂക്ഷിച്ച പല താര ബിംബങ്ങളും അക്ഷരാര്‍ത്ഥത്തില്‍ വീണുടയുകയായിരുന്നു. നിരവധി ആരോപണങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട പല താരങ്ങളും പ്രേക്ഷകര്‍ക്ക് അപ്രിയ താരങ്ങളായി മാറിയതും ഇതിന് പിന്നാലെ ആയിരുന്നു.
ആരോപണങ്ങള്‍ പെരുമഴ പോലെ പെയ്തിറങ്ങിയതിന് പിന്നാലെ സര്‍ക്കാരും പ്രതിസന്ധിയിലായിരുന്നു. ഒടുവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കേണ്ടി വന്നു. മുകേഷും ഇടവേള ബാബുവും ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി പൊലീസ് വിമാനത്താവളത്തില്‍ ലുക്ക് ഔട്ട് നോട്ടീസ് വരെ പുറത്തിറക്കി. മലയാള സിനിമയില്‍ ഇപ്പോഴും ആരോപണങ്ങള്‍ പുറത്തുവരുന്നുണ്ട്. മലയാള സിനിമയിലേതിന് സമാനമായി അന്യഭാഷ സിനിമ ഇന്‍ഡസ്ട്രികളിലും ഹേമ കമ്മിറ്റിയ്ക്ക് സമാനമായി ഒരു അന്വേഷണ കമ്മീഷന്‍ വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
എന്നാല്‍ മലയാള സിനിമ മേഖലയിലേതിന് സമാനമായി ഒരു ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളി കൂടിയായ പ്രമുഖ കന്നഡ നടി ശ്രുതി ഹരിഹരന്‍. 2018ല്‍ താരത്തിനുണ്ടായ ദുരനുഭവമാണ് ശ്രുതി കുറച്ചുകാലം മുന്‍പ് വെളിപ്പെടുത്തിയത്. സംഭവം നടക്കുന്നത് തന്റെ ആദ്യത്തെ ദുരനുഭവത്തിന് നാല് വര്‍ഷം ശേഷമാണെന്ന് നടി പറയുന്നു.
തന്റെ കന്നഡ ചിത്രത്തിന്റെ റീമേക്ക് അവകാശം തമിഴിലെ ഒരു പ്രമുഖ നിര്‍മ്മാതാവ് വാങ്ങിയിരുന്നു. ഒരു ദിവസം അയാള്‍ ഫോണ്‍ വിളിച്ചു. താന്‍ തന്നെ തമിഴിലും അതേ വേഷം ചെയ്യണമെന്ന് അയാള്‍ പറഞ്ഞു. തങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും അയാള്‍ അറിയിച്ചു. തുടര്‍ന്നായിരുന്നു അയാളുടെ മനസിലിരുപ്പ് വെളിപ്പെടുത്തിയതെന്നും നടി പറയുന്നു.
തങ്ങള്‍ അഞ്ച് പേരുണ്ട് നിര്‍മ്മാതാക്കളായി. തങ്ങള്‍ക്ക് അഞ്ച് പേര്‍ക്കും ആവശ്യമുള്ളപ്പോഴൊക്കെ നിന്നെ മാറി മാറി ഉപയോഗിക്കുമെന്നായിരുന്നു അയാളുടെ വാക്കുകള്‍. തന്റെ കാലില്‍ ചെരിപ്പുണ്ടെന്നും നേരില്‍ കണ്ടാല്‍ അതെടുത്ത് മുഖത്തടിക്കുമെന്നും പറഞ്ഞതായി ശ്രുതി പറയുന്നു. അതിന് ശേഷം തമിഴില്‍ നിന്ന് നല്ല ഓഫറുകള്‍ വന്നിട്ടില്ലെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.
മലയാളത്തിലായിരുന്നു ശ്രുതിയുടെ ആദ്യ ചിത്രം. മമാസ് സംവിധാനം ചെയ്ത സിനിമ കമ്പനി ആയിരുന്നു ശ്രുതിയുടെ ആദ്യ സിനിമ. സ്ത്രീകള്‍ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും നോ പറയാന്‍ ശീലിക്കണമെന്നും ശ്രുതി പറയുന്നു.