കേരള സ്റ്റോറിക്ക് കൂടുതൽ പിന്തുണയുമായി ബി.ജെ.പി; യു.പിയിൽ നികുതി ഇളവ് പ്രഖ്യാപിച്ച് യോഗി

കേരളാസ്റ്റോറി സിനിമയ്ക്ക് നിയകുതി ഇളവ് പ്രഖ്യാപിച്ച് ഉത്തർ പ്രദേശ്. മുഖ്യമന്ത്രി യോഗി അദിത്യനാഥാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ മധ്യപ്രദേശ് സർക്കാരും സിനിമയിക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. ലൗ ജിഹാദ്, മതപരിവർത്തനം, തീവ്രവാദം എന്നിവയുടെ ഗൂഢാലോചനകളും വികൃതമായ മുഖവും തുറന്നുകാണിക്കുന്നസിനിമയാണ് കേരള സ്റ്റോറിയെന്നും ബിജെപി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

റിലീസിന് പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വിദ്വേഷ ചിത്രത്തിന് പിന്തുണയുമായി യുപി മുഖ്യമന്ത്രിയും രംഗത്തെത്തിയത്. ഭീകരവാദത്തിന്റെ വികൃത മുഖവും പദ്ധതികളും തുറന്നു കാണിക്കുന്ന സിനിമയെന്ന പിന്തുണയുമായി പ്രധാനമന്ത്രി
നരേന്ദ്രമോദിയും എത്തിയിരുന്നു.

സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയതു മുതൽ പ്രതിഷേധം ഉയർന്നിരുന്നു. .കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം ചെയ്ത് ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ദ കേരള സ്റ്റോറിയുടെ ഇതിവൃത്തം.

Read more

തീവ്രവാദ സംഘടനയായ ഐഎസ്‌ഐഎസിലേക്ക് ഇത്തരത്തിൽ 32,000 പെൺകുട്ടികളെ കടത്തി കൊണ്ടുപോയിട്ടുണ്ട് എന്നാണ് സിനിമയുടെ ട്രയിലർ അവകാശപ്പെട്ടിരുന്നത്. വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കിയിരുന്നു.