ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് യൂട്യൂബ് ഷോയുമായി ബന്ധപ്പെട്ട കേസുകള്‍ ഒഴിയുന്നില്ല. ഷോയുമായി വിവാദത്തില്‍ നടി രാഖി സാവന്തിന് മഹാരാഷ്ട്ര സൈബര്‍ സെല്ലിന്റെ നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിര്‍ദേശം. രണ്‍വീര്‍ അല്ലാബാദിയ നടത്തിയ അശ്ലീല ചോദ്യത്തെ തുടര്‍ന്നാണ് പരിപാടി വിവാദത്തിലായത്.
രണ്‍വീറിനതിരെ പൊലീസ് കേസ് എടുക്കാന്‍ കാരണമായ എപ്പിസോഡില്‍ ആയിരുന്നില്ല രാഖി എത്തിയത്. ഷോയുടെ 12-ാം എപ്പിസോഡില്‍ പാനലിസ്റ്റായിരുന്നു രാഖി സാവന്ത്. ഗസ്റ്റ് ആയാണ് നടി ഷോയില്‍ എത്തിയത്. യൂട്യൂബര്‍മാരായ ആശിഷ് ചഞ്ചലാനിയോടും രണ്‍വീര്‍ അല്ലാബാദിയയോടും തിങ്കളാഴ്ച മൊഴി രേഖപ്പെടുത്താന്‍ ഹാജരാവാന്‍ മഹാരാഷ്ട്ര സൈബര്‍ സെല്‍ നിര്‍ദേശിച്ചിട്ടുണ്ട്.
‘മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ’ എന്ന് രണ്‍വീര്‍ അല്ലാബാദിയ ചോദിച്ചതാണ് വിവാദമായത്. അതിനിടെ, ഗുവാഹാട്ടിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കുകയോ മുംബൈയിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചഞ്ചലാനി സുപ്രീം കോടതിയെ സമീപിച്ചു.
ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി മഹാരാഷ്ട്ര, അസം സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ഫെബ്രുവരി 18ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സമയ് റെയ്നയോട് മഹാരാഷ്ട്ര സൈബര്‍ സെല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്ന് റെയ്ന ഹാജരായില്ല. ഇതേത്തുടര്‍ന്ന് വീണ്ടും നോട്ടീസ് നല്‍കാന്‍ ഒരുങ്ങുകയാണ് സൈബര്‍ സെല്‍.