സുധി ചേട്ടന്റെ മണമുള്ള പെര്‍ഫ്യൂം ഉപയോഗിച്ചിട്ടില്ല, അത് മണത്താല്‍ നിങ്ങളൊക്കെ ഓടും: രേണു സുധി

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രേണു സുധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു രേണുവിന്റെ മറുപടി. രേണുവിന്റെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്തകളും കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. എന്നാല്‍ അത് ആല്‍ബം ഷൂട്ടിന്റെ വീഡിയോയാണെന്ന് രേണു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റുകളിലൂടെ വ്യക്തമാക്കിയിരുന്നു.

രേണുവിന് അവതാരക ലക്ഷ്മി നക്ഷത്ര കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം പെര്‍ഫ്യൂമാക്കി നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു. അപകട സമയത്ത് സുധി ധരിച്ച വസ്ത്രത്തിലെ മണമായിരുന്നു രേണുവിന്റെ ആഗ്രഹപ്രകാരം ലക്ഷ്മി നക്ഷ്ത്ര പെര്‍ഫ്യൂമാക്കി മാറ്റിയത്. രേണുവിനെ വിമര്‍ശിച്ചു കൊണ്ടെത്തുന്ന കമന്റുകളില്‍ ഈ പെര്‍ഫ്യൂമിനെ കുറിച്ചുള്ള ട്രോളുകളും എത്താറുണ്ട്.

ഈ പെര്‍ഫ്യൂം ദേഹത്ത് അടിക്കാറില്ലെന്നും മണത്ത് നോക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും പറഞ്ഞിരിക്കുകയാണ് രേണു ഇപ്പോള്‍. ”ആ പെര്‍ഫ്യൂം ദേഹത്ത് അടിക്കാനുള്ളതല്ല. എനിക്കും കിച്ചുവിനും വീട്ടുകാര്‍ക്കും മാത്രം മനസിലാകുന്ന ഒരു ഗന്ധമാണത്. അത് ഇന്നീ നിമിഷം വരെ അടിച്ചിട്ടില്ല. ദേഹത്ത് അടിക്കുന്ന പെര്‍ഫ്യൂം അല്ല.”

”സുധി ചേട്ടനെ ഓര്‍ക്കുമ്പോള്‍ അത് തുറന്ന് ഒന്ന് മണക്കും. അപ്പോള്‍ സുധി ചേട്ടന്റെ സാന്നിധ്യം ഇവിടെ ഉണ്ടെന്നു തോന്നും. അതിന് വേണ്ടിയിട്ടുള്ള പെര്‍ഫ്യൂമാണത്. അത് അടിക്കാന്‍ പറ്റത്തില്ല. നിങ്ങളൊക്കെ അത് മണത്താല്‍ ഓടും. അതുപോലുള്ള ഒരു സ്മെല്‍ ആണത്.”

Read more

”സുധി ചേട്ടന്‍ ഷൂട്ടൊക്കെ കഴിഞ്ഞ് വന്ന് കുളിക്കുന്നതിന് മുമ്പ് ഷര്‍ട്ട് ഊരിവയ്ക്കില്ലേ. അപ്പോഴുള്ള വിയര്‍പ്പിന്റെയൊക്കെ മണമാണത്. അതിന്റെ പെര്‍ഫ്യൂം എങ്ങനെ ദേഹത്ത് അടിച്ചുകൊണ്ട് നടക്കാന്‍ പറ്റും. അത് തീര്‍ന്നിട്ടില്ല. അതുപോലെ ഇവിടെ ഇരിപ്പുണ്ട്” എന്നാണ് രേണു ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.