ലിപ് ലോക്കൊന്നും ചെയ്തിട്ടില്ലല്ലോ, സതി അനുഷ്ഠിച്ച കാലമല്ല, ഇത് 2025 ആണ്..; വിമര്‍ശനങ്ങളോട് പ്രതികരിച്ച് രേണു സുധിയും ദാസേട്ടനും

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഏറെ നെഗറ്റിവിറ്റി ഏറ്റു വാങ്ങിയ വ്യക്തിയാണ് അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. രേണുവിന്റെയും ദാസേട്ടന്‍ കോഴിക്കോട് എന്ന ഷണ്‍മുഖദാസിന്റെയും റീല്‍ വീഡിയോക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ഇതിനിടെ കൊല്ലം സുധിയെ മറന്നോ, ദാസേട്ടനെ വിവാഹം കഴിച്ചോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും രേണുവിന് നേരെ ഉയര്‍ന്നു.

വിമര്‍ശനങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രേണുവും ഷണ്‍മുഖദാസും ഇപ്പോള്‍. ”ഞാനും രേണുവും തമ്മില്‍ ഒരു വര്‍ഷത്തോളമായി പരിചയത്തിലായിട്ട്. അങ്ങനെയാണ് ഒന്നിച്ച് റീല്‍ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അതാണ് വിവാദ റീലിന്റെ ഉത്ഭവം. നെഗറ്റീവ് കമന്റ് വന്നപ്പോള്‍ ചുട്ട മറുപടി കൊടുക്കാനാണ് ഞാന്‍ രേണുവിനോട് പറഞ്ഞത്.”

”പണ്ട് ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടി മരിക്കണം. സതി അനുഷ്ഠിക്കണം. ആ കാലഘട്ടം ഒക്കെ മാറി. കമന്റ് ഇടുന്നവരോട് പറയാനുള്ളത് ഇത് 2025 ആണ്. ഞാന്‍ വിവാഹിതനാണ്. മൂന്ന് കുട്ടികളുടെ അച്ഛനാണ്. ഭാര്യ ടീച്ചറാണ്. കുടുംബം നല്ല രീതിയില്‍ സന്തോഷമായി പോകുന്നുണ്ട്. വൈഫ് സപ്പോര്‍ട്ടാണ്. നമ്മള്‍ മോശമായൊന്നും ചെയ്തില്ലല്ലോ.”

”ലിപ് ലോക്കൊന്നും ചെയ്തിട്ടില്ലല്ലോ. ആളുകള്‍ അത്തരത്തിലൊക്കെയാണ് കമന്റ് ഇടുന്നത്. അഭിനയം അഭിനയം മാത്രമാണ്. അങ്ങനയെ അതിനെ കാണാന്‍ പാടുള്ളൂ” എന്നാണ് ഷണ്‍മുഖദാസ് മഴവില്‍ കേരളം എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തോട് രേണുവും പ്രതികരിക്കുന്നുണ്ട്.

”ചേട്ടന് നല്ലൊരു ഭാര്യയുണ്ട്. മക്കളുണ്ട്. അവര്‍ സന്തോഷകരമായി അവരുടെ ലൈഫ് മുന്നോട്ട് കൊണ്ട് പോകുകയാണ്. ഞാന്‍ സുധിച്ചേട്ടനെ വിവാഹം കഴിച്ചതാണ്. ദാസേട്ടന്‍ എന്റെ സഹോദരനാണ്” എന്നാണ് രേണുവിന്റെ മറുപടി. അതേസമയം, ഇരുവരും ഒന്നിച്ചൊരു സിനിമ ചെയ്യാനുമുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.