ഗണേശ്കുമാര്‍ ഗതാഗത മന്ത്രിയായേക്കും

തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ് (ബി) നേതാവും പത്തനാപുരം എം.എല്‍.എയുമായ കെ.ബി. ഗണേശ്കുമാര്‍ മന്ത്രിസഭയിലേക്കെന്നു സൂചന. എന്‍.സി.പിയുടെ എം.എല്‍.എമാരായ എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിയും കേസുകളില്‍നിന്ന് ഉടനൊന്നും മോചിതരാകാന്‍ ഇടയില്ലാത്ത സാഹചര്യത്തിലാണു പുതിയനീക്കം.

ഗണേശ്കുമാറിന്റെ മന്ത്രിസഭാപ്രവേശത്തിനു സി.പി.ഐയും പച്ചക്കൊടി കാണിച്ചതായാണു സൂചന. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള, ഗണേശ്കുമാര്‍ എന്നിവര്‍ ഇന്നലെ ഇതുസംബന്ധിച്ചു ചര്‍ച്ചനടത്തി. കൊട്ടാരക്കര വാളകത്ത്, ബാലകൃഷ്ണപിള്ളയുടെ കീഴൂട്ട് വസതിയിലായിരുന്നു രണ്ടുമണിക്കൂറോളം നീണ്ട ചര്‍ച്ച.

Read more

ബാലകൃഷ്ണപിള്ളയുടെ ഭാര്യയും ഗണേശ്കുമാറിന്റെ മാതാവുമായ വത്സലയുടെ മരണത്തില്‍ അനുശോചനമറിയിക്കാനാണു നേതാക്കള്‍ പോയതെന്നാണു സി.പി.ഐ. ഭാഷ്യമെങ്കിലും ഗണേശ് മന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലെന്നു കാനം ഇരുവരെയും അറിയിച്ചു.
ഗണേശ്കുമാറിനെ മന്ത്രിസഭയിലെടുത്താല്‍ ഗതാഗതവകുപ്പ് ഏല്‍പിക്കാനാണു നീക്കം. ഗണേശ്കുമാറും മാത്യു ടി. തോമസും ഗതാഗതമന്ത്രിമാരായിരിക്കേയാണു കെ.എസ്.ആര്‍.ടി.സി. പരുക്കില്ലാതെ ഓടിയതെന്ന അനുകൂലഘടകമാണു ഗണേശിനു വീണ്ടും മന്ത്രിസഭയിലേക്കു വഴിയൊരുക്കുന്നത്. തോമസ് ചാണ്ടി രാജിവച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമതലയിലാണു ഗതാഗതവകുപ്പ്. അമ്മയുടെ മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞാലുടന്‍ ഗണേശിന്റെ സത്യപ്രതിജ്ഞയുണ്ടായേക്കും.