മദ്ധ്യപ്രദേശിലെ ജബല്‍പൂരില്‍ ഓട്ടോ യാത്രക്കാരനില്‍നിന്നും കുരങ്ങന്‍ തട്ടിയെടുത്തത് ഒരു ലക്ഷം രൂപ. കട്ടാവ് ഘട്ട് ഏരിയയില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന മൂന്നുപേര്‍ ട്രാഫിക് ജാം ആയപ്പോള്‍ കാരണമറിയാനായി വാഹനത്തിനു പുറത്തിറങ്ങിയ സമയത്താണ് വാനരന്‍ ഓട്ടോക്കുള്ളില്‍ കയറുകയും ടൗവലില്‍ പൊതിഞ്ഞുവെച്ചിരുന്ന ഒരു ലക്ഷം രൂപയുടെ നോട്ടുകളുമെടുത്ത് മരത്തിലേക്ക് ഓടിക്കയറുകയും ചെയ്തത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 നാണ് സംഭവം.
ഏറെ നേരം പരിശ്രമിച്ചിട്ടും കുരങ്ങനെ പിടിക്കാന്‍ കഴിഞ്ഞില്ല. ടൗവലിന്റെ കെട്ടുപൊട്ടിച്ച് നോട്ടുകള്‍ എടുത്തു വാരിവിതറി കുരങ്ങന്‍ മരങ്ങള്‍തോറും നടന്നു. 56,000 രൂപ മാത്രമേ ഉടമസ്ഥന് വീണ്ടെടുക്കാന്‍ കഴിഞ്ഞുള്ളൂ. മഛോളി പോലീസ് സ്റ്റേഷനിലെ ഇന്‍ ചാര്‍ജ്ജ് ആയ സച്ചിന്‍ സിംഗ് പറഞ്ഞു.
ഈ ഭാഗത്ത് ഒരിടത്തും സിസിടിവി ഇല്ലാത്തതും പണം തിരികെ ലഭിക്കാനുള്ള സാദ്ധ്യത ഇല്ലാതാക്കി. കുരങ്ങനല്ലാതെ മറ്റാരെങ്കിലും ഇതിനുപിന്നിലുണ്ടെന്നതിന് സൂചനകളൊന്നുമില്ലാത്തതിനാല്‍ മോഷണത്തിന് കേസെടുത്തിട്ടില്ല. ഭക്ഷണമാണെന്നു കരുതിയാണ് അവിടത്തെ പതിവുകാരനായ കുരങ്ങന്‍ പൊതി എടുത്തുകൊണ്ടുപോയതെന്ന് സമീപവാസികള്‍ പറഞ്ഞു.