കേരളം കര്‍ശന നടപടികളുമായി രംഗത്തെത്തിയതോടെ റോഡ് നികുതി വെട്ടിക്കാന്‍ പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്യുന്ന ആഡംബര വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ മാസം കേരളത്തില്‍ നിന്നു താല്‍ക്കാലിക പെര്‍മിറ്റെടുത്ത ഒരു ആഡംബര കാര്‍ പോലും പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തില്ല.
സാധാരണ ഗതിയില്‍ പുതുച്ചേരിയില്‍ പ്രതിമാസം ശരാശരി ഒരു കോടിക്കു മുകളില്‍ വിലയുള്ള 20 വാഹനങ്ങളെങ്കിലും റജിസ്റ്റര്‍ ചെയ്യാറുണ്ട്. ഇതില്‍ പകുതിയോളം കേരളത്തില്‍ നിന്നായിരുന്നു. കഴിഞ്ഞ മാസം കേരളത്തില്‍ നിന്നുള്ള വരവു നിലച്ചതോടെ പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തതു പത്തില്‍ താഴെ ആഡംബര വാഹനങ്ങള്‍ മാത്രം.
ഇതുവരെ ചട്ടം ലംഘിച്ചു പുതുച്ചേരിയില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കു കേരളത്തിലേക്കു മാറാന്‍ നിശ്ചിതസമയം അനുവദിക്കണമെന്നു നികുതിവെട്ടിപ്പ് അന്വേഷിച്ച ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം ശുപാര്‍ശ ചെയ്തിരുന്നു. ഇതുവഴി കേരളത്തിനു നൂറു കോടിയോളം രൂപയുടെ നികുതി വരുമാനമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള കാറുകള്‍ കേരളത്തില്‍ റീ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ പൂര്‍ണ റോഡ് നികുതി അടയ്ക്കണം. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ ഏഴു ശതമാനം ഇളവു ലഭിക്കും. എന്നാല്‍, പുതുച്ചേരി റജിസ്‌ട്രേഷന്‍ കാറുകളുടെ ഉടമകള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചതോടെ പലരും റീ റജിസ്‌ട്രേഷനു മടിക്കുകയാണ്.