തണ്ണീർത്തട സംരക്ഷണത്തിന് നിയമനിർമാണം നടത്തിയ സർക്കാർ തന്നെ അവയുടെ പരിവർത്തനത്തിനും അനുമതി നൽകുന്ന സവിശേഷ സാഹചര്യം നിലനിൽക്കെ, വെള്ളിയാഴ്ച ലോക തണ്ണീർത്തട ദിനം. മഴ ലഭിച്ചിട്ടും കേരളം കടുത്ത ജലക്ഷാമവും ചൂടും അനുഭവിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തവണ തണ്ണീർത്തട ദിനം വന്നെത്തുന്നത്. ഭൂഗര്‍ഭ ജലനിരപ്പ് താണുകൊണ്ടിരിക്കുകയാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 1971 ഫെബ്രുവരി രണ്ടിന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തെ റാംസർ നഗരത്തിൽ ലോകതണ്ണീർത്തട ഉടമ്പടി ഒപ്പുവെച്ചതിെൻറ ഓർമക്കായും തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിൽ അവബോധം സൃഷ്ടിക്കാനുമാണ് ’97 മുതൽ ആഗോളതലത്തിൽ തണ്ണീർത്തട ദിനം ആചരിക്കുന്നത്.
വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട കായലുകളാണ് അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട റംസാർ സൈറ്റിലുള്ളത്. കോഴിക്കോട് കോട്ടൂളി, കടലുണ്ടി എന്നിവ ദേശീയ തണ്ണീർത്തട സംരക്ഷണ പദ്ധതിയിലും. എന്നാൽ, ഇതടക്കമുള്ള തണ്ണീർത്തടങ്ങളും നെൽവയലുകളും നാശത്തിലേക്ക് നീങ്ങുകയാണ്. നെൽവയൽ, തണ്ണീർത്തട സംരക്ഷണത്തിന് നിയമം കൊണ്ടുവന്നത് മുതൽ തന്നെ അത് അട്ടിമറിക്കാനുള്ള ശ്രമവും തുടങ്ങി. ഇതിെൻറ അവസാന ഉദാഹരണമാണ് അഞ്ചു പദ്ധതികൾക്കായി, 2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവ്യവസ്ഥകളിൽ ഒഴിവ് അനുവദിക്കാനുള്ള മന്ത്രിസഭ തീരുമാനം.
ആസൂത്രണ ബോർഡിെൻറ കണക്കനുസരിച്ച് 1974-75ൽ 8.82 ലക്ഷം ഹെക്ടറായിരുന്ന കേരളത്തിലെ നെൽവയലുകൾ 2015-16ൽ 1.96 ലക്ഷമായി കുറഞ്ഞു. 2007ൽ നെല്‍വയൽ, നീര്‍ത്തട സംരക്ഷണ ബിൽ അവതരിപ്പിക്കുേമ്പാൾ 2.75 ലക്ഷം ഹെക്ടറും. പ്രതിവര്‍ഷം 22,000 ഹെക്ടര്‍ നികത്തപ്പെടുന്നു. മഴക്കാല വെള്ളം സംരക്ഷിക്കുന്നത് തണ്ണീർത്തടങ്ങളാണ്. കിണറുകൾ അടക്കം ജലസംഭരണികൾ നിലനിർത്തുന്നതും ഇൗ വെള്ളമാണ്. കാലാവസ്ഥ നിയന്ത്രണത്തിലും വെള്ളം മലിനമാകാതെ സംരക്ഷിക്കുന്നതിലും തണ്ണീർത്തടങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് കോഴിക്കോട് ജലവിഭവ മാനേജ്മെൻറ് കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. പി.എസ്. ഹരികുമാർ പറയുന്നു. സംസ്ഥാനത്തെ തണ്ണീർത്തടങ്ങളുടെ വിസ്തൃതി 1,60,590 ഹെക്ടറാണ്. ഇവയുടെ സംരക്ഷണത്തിന് കേന്ദ്ര പദ്ധതികളുണ്ട്. മലബാറിലെ കവ്വായി കായൽ അടിയന്തരമായി സംരക്ഷിക്കേണ്ടവയിൽപെടുന്നു. ഏഴ് പുഴകളുടെ സംഗമമാണ് ഇത്.
വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട കായലുകളും കൈയേറ്റ ഭീഷണിയിലാണ്. വേമ്പനാടും അഷ്ടമുടിയും മലിനീകരണ ഭീഷണിയും നേരിടുന്നു. ഡോ. കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതി സംവേദന പ്രദേശങ്ങളിൽ(ഇ.എസ്.എ)നിന്ന് ജനവാസ കേന്ദ്രങ്ങളും തോട്ടങ്ങളും ഒഴിവാക്കുേമ്പാൾ പകരം തണ്ണീർത്തടങ്ങൾ ഉൾപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുമുണ്ടായില്ല.