ജനിച്ച നാള്‍ മുതല്‍ പതിനേഴു വയസ് വരെ ഫുട് പാത്തിലുറങ്ങിയ അസ്മ ഷെയ്ഖിന് ഇനി സ്വന്തം വീട്ടിലുറങ്ങാം. അവളുടെ കഥ സോഷ്യല്‍ മീഡിയ വഴി പുറത്തറിഞ്ഞതോടെയാണ് പലരും സഹായവുമായി മുന്നോട്ടു വന്നത്. ചെറുതെങ്കിലും അടിസ്ഥാനസൗകര്യങ്ങളുള്ള 1 ബിഎച്ച്‌കെ വീട്ടിലേക്ക് അസ്മയും മാതാപിതാക്കളും താമസം മാറ്റും. അവര്‍ക്കായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വീട് ഇപ്പോള്‍ ക്വാറന്റൈന്‍ സെന്ററായതിനാല്‍ താമസം മാറാന്‍ സാധിച്ചിട്ടില്ല.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് ജോലി തേടി ബോംബെയില്‍ എത്തിയ അസ്മയുടെ മുത്തച്ഛനും തെരുവില്‍ തന്നെയാണ് ജീവിച്ചത്. ആയിരക്കണക്കിന് മനുഷ്യരെ പോലെ രണ്ടാം തലമുറയായിട്ടും തല ചായ്ക്കാന്‍ ഒരു ഷെഡ്ഡ് പോലും ഉണ്ടായില്ല. എങ്കിലും അസ്മ നന്നായി പഠിച്ചു. നാരങ്ങാവെള്ളം വിറ്റ് ഉപജീവനം തേടിയിരുന്ന പിതാവിന് ലോക്ക്ഡൗണ്‍ വന്നതോടെ ജോലിയില്ലാതായി. ഒരു നേരത്തെ ഭക്ഷണത്തിന് വിഷമിച്ചു.
പത്താം ക്ലാസ്സ് പാസ്സായ അസ്മ ബോംബെ ചര്‍ച്ച് ഗെയ്റ്റിലുള്ള കെസി കോളജിലാണ് പന്ത്രണ്ടാം ക്ലാസ്സ് പഠിക്കുന്നത്. ലോക്ക് ഡൗണ്‍ വന്നതോടെ പഠനം സ്വന്തം വീടായ ഫുട്പാത്തില്‍ തന്നെയായി. വാഹനങ്ങളുടെയും ആളുകളുടെയും ബഹളത്തിനിടയില്‍ പഠനത്തില്‍ മുഴുകിയിരിക്കുന്ന പെണ്‍കുട്ടിയുടെ ആരോ എടുത്ത ഒരു ഫോട്ടോയും അവളുടെ കഥയും വളരെ വേഗത്തില്‍ വൈറലായി. ബിബിസി ഇന്റര്‍വ്യൂ ചെയ്യാനെത്തി.
ആസാദ് മൈതാനിലെ തെരുവുവിളക്കിനു കീഴെ പഠിക്കാനിരിക്കുന്ന മകള്‍ക്കും അമ്മക്കും ഒട്ടേറെ വൈഷമ്യങ്ങള്‍ പലയാളുകളില്‍ നിന്നും പൊലീസുകാരില്‍ നിന്നുമെല്ലാം ഉണ്ടായിട്ടുണ്ട്. നന്നായി പഠിക്കുന്ന കുട്ടിയായതിനാല്‍ മാത്രമാണ് അസ്മയുടെ കഥ വാര്‍ത്തയായത്. എയര്‍ കെയര്‍ടെയ്ക്കര്‍ എന്ന സംഘടന പ്രതിമാസം 3000 രൂപ പഠനച്ചെലവായി നല്‍കുമെന്നും അറിയിച്ചി്ട്ടുണ്ട്.