കോയമ്പത്തൂരിലേക്ക് റോബിന്‍ മോട്ടേഴ്‌സിന്റെ കീഴിലുള്ള പുതിയ എസി ബസ് അടുത്ത മാസം മുതല്‍ വീണ്ടും സര്‍വീസ് ആരംഭിക്കുന്നു. പത്തനംതിട്ടയ്ക്ക് പകരം പുനലൂരില്‍ നിന്നാണ് ഇക്കുറി ബസ് സര്‍വീസ് നടത്തുന്നത്. അടുത്ത മാസം ആദ്യം മുതല്‍ ബസ് നിരത്തില്‍ ഇറങ്ങും. 40 സീറ്റുകളുള്ള എസി ബസാണ് സര്‍വീസ് നടത്തുന്നത്. പഴയ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്താതെയാണ് പുതിയ ബസ് സര്‍വീസ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി പത്തനംതിട്ടയില്‍ നിന്നും ജന്റം എസി ബസ് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയിരുന്നു. ഇതുകൂടി കണക്കാക്കിയാണ് പുതിയ ബസ് റോബിനും നിരത്തില്‍ ഇറക്കിയിരിക്കുന്നത്.
നേരത്തെ റോബിന്‍ ബസ് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയപ്പോള്‍ തന്നെ വിവാദമായിരുന്നു. കോഴിക്കോട് സ്വദേശിയുടെ ബസ് വാടകയ്ക്ക് എടുത്താണ് റോബിന്‍ ഗിരീഷ് അന്നു പ്രതിദിന സര്‍വീസ് നടത്തിയത്. ഓള്‍ ഇന്ത്യ പെര്‍മിറ്റ് സര്‍വീസില്‍ ഓടിയിരുന്ന ബസിന്റെ പെര്‍മിറ്റ് കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. തുടര്‍ന്നാണ് സര്‍വീസ് നിരത്തില്‍ നിന്നും പിന്‍വലിച്ചത്.
ബസ് പിന്‍വലിച്ചപ്പോള്‍ തന്നെ പുതിയ ബസ് ഉടന്‍ നിരത്തില്‍ എത്തുമെന്ന് ഉടമ പ്രഖ്യാപിച്ചിരുന്നു. എസി, മൊബൈല്‍ ചാര്‍ജര്‍ പിന്‍ പോയിന്റുകള്‍ പുഷ് ബാക്ക് സീറ്റ് എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യമങ്ങളുമാണ് റോബിന്‍ വീണ്ടും നിരത്തില്‍ ഇറങ്ങുന്നത്.
മോട്ടോര്‍ വെഹിക്കിള്‍ വകുപ്പില്‍നിന്നുള്ള എതിര്‍പ്പുകളെ നിയമ പേരാട്ടത്തിലൂടെ മറികടന്നാണ് റോബിന്‍ ബസ് ഉടമ ബേബി ഗിരീഷ് ബസ് സര്‍വീസ് നടത്തിയിരുന്നത്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ റോബിന്‍ ബസ് ഓടിക്കാന്‍ തുടങ്ങുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ കെഎസ്ആര്‍ടിസിയും വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരും തനിക്കെതിരേ തിരിഞ്ഞിരുന്നുവെന്ന് അദേഹം നേരത്തെ ആരോപിച്ചിരുന്നു. കേന്ദ്ര നിയമപ്രകാരം നേടിയ പെര്‍മിറ്റ് എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇതേ പെര്‍മിറ്റ് ആനുകൂല്യത്തിന്റെ ബലത്തില്‍ 200 ബസുകള്‍ കേരളത്തിന്റെ നിരത്തിലിറങ്ങാന്‍ പോവുകയാണ്. അതിനെ എങ്ങനെ നിയമപ്രകാരം തടയാന്‍ സാധിക്കും.
ബസുകള്‍ക്ക് ലക്ഷ്യസ്ഥാനം കാണിക്കുന്ന ബോര്‍ഡുകള്‍ വണ്ടിയില്‍ വെക്കാം. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാമെന്നും ബേബി ഗിരീഷ് പറഞ്ഞു. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ലഭിക്കുന്ന മുറയ്ക്ക് 200 ബസുകളും നിരത്തിലിറങ്ങും. ഒരാഴ്ചയ്ക്കുള്ളില്‍ ഈ ബസുകള്‍ക്ക് നാഷണല്‍ പെര്‍മിറ്റ് ലഭിക്കുമെന്നാണ് അറിയുന്നത്. നാഷണല്‍ പെര്‍മിറ്റ് എടുക്കുന്ന ബസുകള്‍ക്ക് റൂട്ട് പെര്‍മിറ്റ് എടുക്കാതെ തന്നെ ദേശീയ പാതകളിലടക്കം സഞ്ചരിക്കാം.
ഓരോ മൂന്ന് മാസം കൂടുമ്പോഴും മൂന്ന് ലക്ഷം രൂപയോളം സര്‍ക്കാരിനു നികുതി ഇനത്തില്‍ ലഭിക്കും. റൂട്ട് ബസുകളെ പോലെ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ഇന്റര്‍സ്റ്റേറ്റ് പെര്‍മിറ്റില്‍ അനുമതിയുണ്ട്.ഇന്ത്യയൊട്ടാകെ നാഷണല്‍ പെര്‍മിറ്റില്‍ വാഹനം ഓടിക്കാം.
ഒരു വാഹനത്തിന് അതിന്റെ ആദ്യ പന്ത്രണ്ടുവര്‍ഷത്തേക്കു മാത്രമേ ഇന്റര്‍സ്റ്റേറ്റ് പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. ഒരു വര്‍ഷംവരെ ഇന്റര്‍സ്റ്റേറ്റ് ബസില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്നും വ്യവസ്ഥയുണ്ട്.ദീര്‍ഘദൂര പാതകളില്‍നിന്നു സ്വകാര്യ ബസുകളെ ഒഴിവാക്കിയും ഓര്‍ഡിനറി ബസുകളുടെ പരമാവധി ദൂരം 140 കിലോമീറ്ററായി ചുരുക്കുകയും ചെയ്തുകൊണ്ട് കെ.എസ്.ആര്‍.ടി.സിയെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിച്ചു നിര്‍ത്തുമ്പോഴാണു പുതിയ നിയമം വന്നത്.
മോട്ടോര്‍ വാഹനവകുപ്പ് നിരന്തരം വേട്ടയാടിയപ്പോള്‍ ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തിലാണ് റോബിന്‍ പുതിയ ബസുമായി കോയമ്പത്തൂര്‍ റൂട്ടിലേക്ക് വരുന്നത്. ടൂറിസ്റ്റ് സര്‍വീസിനുള്ള ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചേ റോബിന്‍ ബസ് സര്‍വീസ് നടത്താവൂ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റോബിന്‍ ബസിനോട് നിര്‍ദേശിച്ചിരുന്നു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ വിഷയം സിംഗിള്‍ ബെഞ്ചിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്നും ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
റോബിന്‍ ബസിന് ടൂറിസ്റ്റ് പെര്‍മിറ്റ് അടയ്ക്കാനുള്ള സൗകര്യം നല്‍കണമെന്നും അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നുമുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാരും ഗതാഗത വകുപ്പും നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്.