മമ്മൂട്ടിയെ മമ്മൂട്ടി എന്ന് ആദ്യമായി വിളിച്ച ആളാരാണ് ? പിഎ മുഹമ്മദ് കുട്ടിയായ അദ്ദേഹം നാട്ടില്‍ അറിയപ്പെട്ടിരുന്നത് ‘മമ്മൂഞ്ഞ്’ എന്ന പേരിലാണ്. അദ്ദേഹത്തിന് ഏതാണ്ട് മുപ്പതു വയസ്സോളം പ്രായമുള്ളപ്പോഴാണ് എം.ടിവാസുദേവന്‍ നായര്‍ 1980 ല്‍ തന്റെ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തില്‍ ഒരു വേഷമുണ്ടെന്നും വന്നാല്‍ അഭിനയിക്കാമെന്നും അറിയിക്കുന്ന ഒരു കത്തെഴുതുന്നത്. അതില്‍ ‘പ്രിയ മമ്മൂട്ടി’ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തത്.
എന്നാല്‍ അതിനും പത്തോ പതിമൂന്നോ കൊല്ലങ്ങള്‍ക്കു മുമ്പ് തന്നെ മമ്മൂട്ടി എന്നു വിളിച്ചത് തന്റെ സഹപാഠിയായിരുന്ന ഒരു ശശിധരനാണെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കായെ ആദ്യമായി മമ്മൂട്ടി എന്നു വിളിച്ച സുഹൃത്ത് ശശിധരനുമായി ഇന്ന് സൗത്ത്‌ലൈവ് അഭിമുഖം നടത്തുന്നു.
ആദ്യമായി കോളജില്‍ ചെല്ലുമ്പോള്‍ തന്റെ പേര് ഒമര്‍ ഷെറീഫ് എന്നാണ് മുഹമ്മദ് കുട്ടി പലരോടും പറഞ്ഞത്. അന്ന് ഹോളിവുഡില്‍ തിളങ്ങി നിന്നിരുന്ന ഈജിപ്ഷ്യന്‍ നടന്റെ പേര്. പിന്നീടൊരിക്കല്‍ തന്റെ ഐഡന്റിറ്റി കാര്‍ഡ് താഴെ പോയപ്പോള്‍ അതെടുത്ത ശശിധരന്‍ എന്ന സഹപാഠിയാണ് അതിലെ പേര് കണ്ടെത്തി ‘എടാ നീ മമ്മൂട്ടിയാ ?’ എന്ന് ചോദിക്കുന്നത്.
ഈ സംഭവം സരസമായ രീതിയിലാണ് അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്ന വീഡിയോ വൈറലാണ്. ആ ശശിധരനെ കണ്ടെത്തി ഇന്ന് സൗത്ത്‌ലൈവ് ലൈംലൈറ്റില്‍ കൊണ്ടുവരുന്നു.