തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പഞ്ചാബിൽ വിമതസ്വരമുയർത്തി വീണ്ടും കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. ഉന്നതനേതൃത്വത്തിന് തങ്ങളുടെ ഇഷ്ടങ്ങൾക്കൊത്ത് തുള്ളുന്ന ദുർബലനായ മുഖ്യമന്ത്രിയെയാണ് വേണ്ടതെന്ന് സിദ്ദു പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഞായറാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഹൈക്കമാൻഡിന് സിദ്ദുവിന്റെ പരോക്ഷ വിമർശനം. പുതിയൊരു പഞ്ചാബ് നിർമിക്കണമെങ്കിൽ അതിന്റെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ കരങ്ങളിലാണുള്ളത്. അതുകൊണ്ട് മുഖ്യമന്ത്രിയെ ഇപ്പോൾ തന്നെ തിരഞ്ഞെടുക്കണം.
തങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന ദുർബലനായ മുഖ്യമന്ത്രിയെയാണ് ഉന്നതനേതൃത്വത്തിന് ആവശ്യം. അത്തരമൊരു മുഖ്യമന്ത്രിയെയാണോ നിങ്ങൾക്ക് വേണ്ടതെന്ന് പ്രവർത്തകരോട് സിദ്ദു ചോദിച്ചു.കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ ചരൺജീത്ത് സിങ് ഛന്നി രണ്ട് സീറ്റിൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Read more
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഛന്നിയെയാണ് പാർട്ടി പ്രധാനമായും പരിഗണിക്കുന്നതെന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതാണ് നേതൃത്വത്തിനെതിരെ വിമർശനവുമായി സിദ്ദു രംഗത്തെത്തിയതിനു പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ദിവസം സിദ്ദു നേരത്തെ നിശ്ചയിച്ച പൊതുപരിപാടികളെല്ലാം നിർത്തിവച്ചിരുന്നു.