സിനിമ എന്ന മാധ്യമം എല്ലാ കാലത്തും സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് നായക- പ്രതിനായക, നന്മ- തിന്മ ദ്വന്തകളിലൂന്നിയ ആഖ്യാനങ്ങളും സിനിമകളും എല്ലാക്കാലത്തും ഒരു പരിധി വരെ സാമ്പത്തിക വിജയങ്ങൾ കൈവരിക്കുന്നത്. സിനിമയിൽ നായകൻ എപ്പോഴും വിജയിച്ചുകൊണ്ടേയിരിക്കുന്നു, അവൻ സാധാരണക്കാരന്റെ പ്രതിനിധിയാണ്.
അത്തരത്തിൽ ഇപ്പോൾ തിയേറ്ററുകളിൽ, സാമ്പത്തിക വിജയം കൈവരിച്ച്, നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന സിനിമയാണ് അറ്റ്ലീ സംവിധാനം ചെയ്ത് ഷാരൂഖ് ഖാൻ പ്രധാനവേഷത്തിലെത്തിയ ജവാൻ എന്ന സിനിമ. തന്റെ മുൻ ചിത്രങ്ങളുടെ റഫറൻസുകളും മറ്റും ചിത്രത്തിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തി സംവിധായകൻ ജവാനിലും ഉപയോഗിച്ചിട്ടുണ്ട്, എന്നിരുന്നാലും ബോളിവുഡിന്റെ സ്ഥിരം ടെംപ്ലേറ്റുകളിൽ നിന്നും വ്യത്യസ്തമായി സിനിമ ഒരുപാട് സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ കൈകാര്യം ചെയ്യുകയും, നിലവിലുള്ള വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു എന്നത് കൊണ്ട് ബോളിവുഡ് പ്രേക്ഷകർക്ക് സിനിമ നല്ല രീതിയിൽ ആസ്വാദ്യകരമാണ്.
എന്നാൽ സിനിമ എന്നത് ഒരു പാരലൽ ലോകമാണെന്നും, സിനിമയിലെ തിന്മയെ നേരിടുന്ന നായകൻ യഥാർത്ഥ ജീവിതത്തിൽ അരാഷ്ട്രീയവാദിയാണെന്നും എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ജവാൻ സിനിമയിലെ നായകൻ ഷാരൂഖ് ഖാന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുകൊണ്ടുള്ള ‘എക്സ്’ പോസ്റ്റ്.
ജി 20 അധ്യക്ഷപദവി ഗംഭീര വിജയമാക്കിയതിനെ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ കോരി ചൊരിയുകയാണ് കിങ്ങ് ഖാൻ. ലോക ജനതയ്ക്ക് വേണ്ടി രാജ്യങ്ങൾ തമ്മിൽ ഐക്യമുണ്ടാക്കി നല്ലൊരു ഭാവിയുണ്ടാക്കാൻ ശ്രമിച്ചതിന് അഭിനന്ദനം എന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി നമ്മൾ പുരോഗതി നേടും, എന്നുമാണ് താരം കുറിച്ചത്.
ഒറ്റനോട്ടത്തിൽ നോക്കുമ്പോൾ യാതൊരു പ്രശ്നങ്ങളും തോന്നാത്ത ഒരു കുറിപ്പ്, മറ്റ് രാജ്യത്തെ നേതാക്കന്മാർ വരുമ്പോൾ ഇന്ത്യക്ക് നാണക്കേട് ആണെന്ന തോന്നലിൽ പച്ച ഷീറ്റ് കൊണ്ട് മറയ്ക്കപ്പെട്ട ഇന്ത്യയുടെ അടിസ്ഥാന വിഭാഗം ജനങ്ങൾ ഇവിടെയുണ്ടായിരുന്നു, അവർക്കൊന്നും നിങ്ങളീ പറയുന്ന ജി 20 വിജയമായിരുന്നില്ല. അവരൊക്കെ ബഹുജനങ്ങളായിരുന്നു. സിനിമായിലാണെങ്കിൽ പോലും തീവ്ര വലതുപക്ഷ വിമർശനം ഒരല്പം കൂടിപോയൽ വീട്ടിലും ഓഫീസിലും ഇ.ഡി വരുമെന്ന പേടി ആർക്കായാലുമുണ്ടാവും അതുകൊണ്ട് തന്നെ ഷാരൂഖിന്റെ അഭിനന്ദനകുറിപ്പ് നിഷ്കളങ്കമായി കാണാൻ സാധിക്കില്ല.
യോഗി ആദിത്യനാഥിന്റെ കാലിൽ വീണ സൂപ്പർ സ്റ്റാറിനെയാണ് ഓർമ്മ വരുന്നത്. ഒരൽപ്പം പുറകോട്ട് പോയാൽ, ഭൂമിയുടെയും ജാതിയുടെയും രാഷ്ട്രീയം പറഞ്ഞ ഇന്ത്യൻ ആന്റി കാസ്റ്റ് മൂവ്മെന്റ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ പാ രഞ്ജിത്തിന്റെ ‘കാല’യിൽ ഒരു രംഗമുണ്ട്. കാലയും ഹരി ദാദയുമായുള്ള കൂടികാഴ്ചയിൽ പേരകുട്ടിയോട് കാലയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങാൻ പറയുമ്പോൾ കാലിൽ വീഴേണ്ട കാര്യമില്ല, നമസ്തേ എന്ന് പറയുന്നത് തന്നെ ധാരാളമാണ് എന്നാണ് കാല കുട്ടിക്ക് കൊടുക്കുന്ന മറുപടി. ഇതിലഭിനയിച്ച, തന്റെ കഥാപാത്രത്തിലൂടെ ഗംഭീരമായി രാഷ്ട്രീയം പറഞ്ഞ വ്യക്തിയാണ് രജനികാന്ത്, പക്ഷേ ജയിലർ സിനിമയ്ക്ക് ശേഷം ആദിത്യനാഥിന്റെ കാലിൽ വീഴുന്ന മറ്റൊരു രജനിയെയാണ് നമ്മളവിടെ കണ്ടത്. തീവ്ര ഹിന്ദുത്വ-വലതുപക്ഷ അജണ്ടകൾ മാത്രം നടപ്പിലാക്കാൻ ശ്രമിക്കുന്ന പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്ന രണ്ടു പേരെ, അതായത് യോഗി ആദിത്യനാഥിനെ കേവലമൊരു ഗുരു എന്ന തരത്തിലേക്ക് ചുരുക്കുന്നതും, മോദിയെ പ്രധാനമന്ത്രി എന്നതിലേക്ക് ചുരുക്കുന്നതും വെറും നിഷ്കളങ്കമായ ഒന്നല്ല, അത്തരം ചുരുക്കലുകളിൽ കൃത്യമായ രാഷ്ട്രീയമുണ്ട്.
സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ- സാമൂഹിക അവസ്ഥകളെയും ഭരണകൂടത്തെ ചോദ്യം ചെയ്യുന്നതും സിനിമയിലും സ്വന്തം കഥാപാത്രത്തിലും മാത്രമൊതുക്കി, യഥാർത്ഥ ജീവിതത്തില്‍ അരാഷ്ട്രീയവാദികളായും ഭരണകൂടത്തെ തൃപ്തിപ്പെടുത്തുന്നവരായും മാറുന്നതു കൊണ്ട് എന്ത് സന്ദേശമാണ് നിങ്ങൾ സമൂഹത്തിന് നല്കുന്നത്?