സിറോ മലബാർ സഭയിലെ ഭൂമി വിവാദം : മാർ ആലഞ്ചേരിയെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് ഒരു വിഭാഗം വൈദീകർ, അൽമായർ രണ്ടു തട്ടിൽ

കോടികളുടെ ഭൂമിക്കച്ചവട വിവാദത്തില്‍ സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയില്‍ പൊട്ടിത്തെറി. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആലഞ്ചേരിയെ സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വൈദികര്‍ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെ കാര്യങ്ങൾ വിശദീകരിച്ചും തെറ്റ് പറ്റിയതായി സമ്മതിച്ചും അതിരൂപത സഹായമെത്രാന്‍ മാർ സെബാസ്റ്റ്യൻ എടയന്ത്രത് വൈദികര്‍ക്ക് കത്തയച്ചു. അതിനിടയില്‍ മാർ ജോര്‍ജ്ജ് ആലഞ്ചേരി സ്ഥാനം ഒഴിയണമെന്നും ഇല്ലെങ്കില്‍ അദ്ദേഹത്തെ പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി ഒരു വിഭാഗം വൈദികര്‍ രംഗത്ത് വന്നു.

ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട് അതിരൂപതയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നും സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വൈദികര്‍ക്കയച്ച കത്തില്‍ പറയുന്നു. ഇതിനുശേഷം അതിരൂപതയിലെ വൈദിക സമിതിയുടെ അടിയന്തരയോഗവും വിളിച്ചുചേര്‍ത്തു. വൈദിക സമിതിയില്‍ വെച്ച് അതിരൂപതയിലെ രണ്ട് സഹായമെത്രാന്‍മാരും സ്ഥാനത്യാഗത്തിന് സന്നദ്ധരായെന്നുമറിയുന്നു. കർദിനാളിനെ സമ്മർദ്ദത്തിലാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. എന്നാല്‍ അതിരൂപതയിലെ 20 വൈദികര്‍ മാത്രമായിരുന്നു യോഗത്തിനെത്തിയത്. തുടര്‍ന്ന് വൈദിക സമിതി യോഗം പകുതിക്ക് വച്ച് ഉപേക്ഷിച്ചു.

ഇതിനിടെ, കത്തോലിക്ക കോണ്‍ഗ്രസ് അടക്കമുള്ള അല്‍മായ സംഘടനകള്‍ കര്‍ദിനാളിന് പിന്തുണ പ്രഖ്യാപിച്ചു. പ്രശ്നം അവസാനിപ്പിച്ചില്ലെങ്കില്‍ വിശ്വാസികള്‍ക്കും പരസ്യനിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് ഇവര്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്തെ അറിയച്ചതോടെ വൈദിക സമ്മേളനം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ചില വൈദികര്‍ പറഞ്ഞു. കൂടാതെ “സേവ് സീറോ മലബാര്‍ ഫോറം” നേതാക്കളും യുവജന സംഘടനയായ ഇന്ത്യന്‍ കാത്തലിക് ഫോറവും വൈദികര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

സഭയുടെ ഭൂമിവിറ്റ് കുരുക്കിലായ മാർ ആലഞ്ചേരിക്കുവേണ്ടി ചില അല്‍മായ സംഘടനകള്‍ രംഗത്തെത്തി. കര്‍ദ്ദിനാളിനെ ഒറ്റപ്പെടുത്തി അക്രമിക്കാന്‍ അനുവദിക്കില്ല എന്ന് ഇവര്‍ പറഞ്ഞു. പ്രശ്നം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് മാർ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനോട് ഇവര്‍ ആവശ്യപ്പെട്ടു.എന്നാൽ ചില സംഘടനകൾ കർദിനാളിന്റെ ദുരൂഹ നിലപാടുകൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇവർ പ്രാർത്ഥന യന്ജം അടക്കമുള്ള പരിപാടികളിലേക്ക് നീങ്ങും എന്നറിയുന്നു.

അതിരൂപതയുടെ ഭൂമി വിറ്റത് കാനോനിക സമിതികള്‍ അറിയാതെയാണ്. സഭയുടെ സ്വന്തമായ ഭൂമികള്‍ വില്‍ക്കുന്നതില്‍ സുതാര്യത ഉണ്ടായിരുന്നില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ഭൂമി വില്‍പനയ്ക്ക് ശേഷം അതിരൂപതയുടെ കടം ഗണ്യമായി വര്‍ദ്ധിച്ചു. കടബാധ്യതകൾ തീർക്കാനായിരുന്നു കണ്ണായ സ്ഥലത്തെ ഭൂമികൾ വിറ്റത്. അതിരൂപതയുടെ കീഴിലുള്ള എല്ലാ വൈദികര്‍ക്കുമായാണ് സര്‍ക്കുലര്‍ അയച്ചത്.

Read more

പള്ളികളിൽ ഇത് വായിക്കരുതെന്നും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.മാർ ആലഞ്ചേരി ഈ സംഭവങ്ങളിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നു ആഞ്ചിയോപ്ലാസ്റ്റി കഴിഞ്ഞ അദ്ദേഹം പൂർണ്ണ വിശ്രമത്തിലാണ്. ക്രിസ്മസ് ദിന ശുശ്രൂഷകളിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല.
അതിനിടെ, ഇറ്റലിയിലെ ഒരു സന്യാസ സഭ സിറോ മലബാർ സഭക്ക് സംഭാവനയായി വാങ്ങിയ സ്ഥലവും വിറ്റതായി അറിയുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ എന്ന ധാരണയിലായിരുന്നു സ്ഥലം വാങ്ങി നൽകിയത്. ഈ സ്ഥലങ്ങളെല്ലാം മുറിച്ചു വിൽക്കുകയായിരുന്നു എന്നാണ് ആരോപണം. ഇതിനുള്ള ആധാരങ്ങളിലെല്ലാം ഒപ്പിട്ടിരിക്കുന്നത് മാർ ആലഞ്ചേരിയാണ്‌. അതുകൊണ്ടാണ് അദ്ദേഹത്തെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്. ഏതായാലും പുകയുന്ന ഭൂമി വിവാദം സിറോ മലബാർ സഭയെ കടുത്ത പ്രതിസന്ധിയില ക്കിയിരിക്കുകയാണ്.