ഇന്ത്യയിൽ ഇലക്ട്രൽ സ്വേച്ഛാധിപത്യം : വി-ഡെം ഇൻസ്റ്റിറ്റ്യൂട്ട്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ബിജെപി ഒരു ടിപ്പിക്കൽ സ്വേച്ഛാധിപത്യമാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് 2019  -ൽ നിരീക്ഷിച്ച സ്വീഡനിലെ  വെറൈറ്റി ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയിൽ നിലനിൽക്കുന്ന ഭരണരീതിയെ ഇലക്ടറൽ സ്വേച്ഛാധിപത്യം എന്ന് നിർവചിക്കുന്നത്. സ്വീഡന്റെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി റോബർട്ട് റൈഡ്‌ബർഗിന്റെ സാന്നിദ്ധ്യത്തിലാണ്  ലോകരാജ്യങ്ങളിലെ വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യം ഇവയെല്ലാം നിരീക്ഷിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസ്താവന. മാധ്യമ സ്വാതന്ത്ര്യം, പഠനഗവേഷണം, പൗരസ്വാതന്ത്ര്യം ഇവ വെട്ടിച്ചുരുക്കുകയും ക്രമേണ കൂച്ചുവിലങ്ങിലേക്ക് എത്തിക്കുകയും ചെയ്യുന്ന മൂന്നാംനിരയിൽ പെടുന്ന രാജ്യങ്ങൾക്കു സമാനമായ  സ്വേച്ഛാധിപത്യവത്കരണമാണ് അടുത്ത കാലത്തായി ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത് എന്ന് റിപ്പോർട്ട് തുടരുന്നു.

മുമ്പ് ഇന്ത്യയെ സംബന്ധിച്ച് അനിശ്ചിതം എന്ന് വിലയിരുത്തിയിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ 2019നു ശേഷം  നിശ്ചിതം എന്നാണ് പറയുന്നത്. പക്ഷേ അത് “തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യം” എന്നാണെന്നു മാത്രം. പൂർണമായ റിപ്പോർട്ട് ഇവിടെ വായിക്കാം. https://www.v-dem.net/files/25/DR%202021.pdf

നരേന്ദ്രമോദി അധികാരത്തിൽ വന്നതിനു ശേഷം സെൻസർഷിപ്പ് കടുംപിടുത്തങ്ങൾ പതിവാകുന്നു. അതിനു മുമ്പു വരെ അത്തരം സംഘടിതശ്രമങ്ങൾ നടത്തപ്പെട്ടിരുന്നില്ല.പാകിസ്ഥാനില്‍ എന്നത് പോലെ  സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയും മറ്റ് അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാൾ ഇവയെക്കാളും മോശമാകുകയും ചെയ്യുന്നു ഇന്ത്യയുടെ സാമൂഹികാവസ്ഥ. വിമർശിക്കുന്നവരെ നേരിടാൻ രാജ്യദ്രോഹക്കുറ്റം, അപകീർത്തി, പ്രതിഭീകരനിയമം എന്നിവ വിവേചനമില്ലാതെ എടുത്ത് ഉപയോഗിക്കുകയാണ് മോദി ഭരണം. ബിജെപി അധികാരത്തിൽ വന്നതിനുശേഷം രാജ്യദ്രോഹക്കുറ്റം ആരോപിച്ച് തടവിലാക്കപ്പെട്ടവരുടെ എണ്ണം ഏഴായിരമാണ്. അതിൽ ഭൂരിഭാഗവും ചെയ്ത കുറ്റമാകട്ടെ ഭരണത്തെ വിമർശിച്ചു എന്നതാണ്. 2019 ൽ ഭേദഗതി വരുത്തിയ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം ഇക്കാര്യത്തിനു വേണ്ടി ഉപയോഗിക്കുന്നു.

ഭരണഘടന ഉറപ്പു നൽകുന്ന മതേതരത്വത്തെ നിശേഷിക്കുന്ന സമീപനമാണ് ഭാരതത്തിലുള്ള പാർട്ടി അനുവർത്തിച്ചു കൊണ്ടിരിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമം (FCRA) ഉപയോഗിച്ച് സമൂഹത്തിന് ഗുണം ചെയ്യുന്ന പല കാര്യങ്ങളും തടയുകയാണ് ബിജെപി ചെയ്യുന്നത്. എന്നാൽ ഹിന്ദുത്വ അജണ്ട പേറുന്ന സംഘടനകൾക്ക് ഇക്കാര്യത്തിൽ ഇളവുകളാണ് നൽകിയിട്ടുള്ളത് എന്ന് റിപ്പോർട്ട് പറയുന്നു.

പഠനഗവേഷണങ്ങളിലുണ്ടാകുന്ന ഭിന്നാഭിപ്രായങ്ങൾ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്നതിന് UAPA ഉപയോഗിക്കപ്പെടുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ ശബ്ദിച്ച വിദ്യാർത്ഥികളെയും സാമൂഹിക പ്രവർത്തകരെയും വ്യാപകമായി വേട്ടയാടുകയാണ് സർക്കാർ ചെയ്തത്.

വെറൈറ്റി ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ ഒരു ജനാധിപത്യ വ്യവസ്ഥിതിയെ സ്വേച്ഛാധിപത്യത്തിലേക്ക് എത്തിക്കുന്ന “സ്‌ട്രൈക്കിംഗ് പാറ്റേൺ” തുറന്നു കാട്ടുന്നു. ആദ്യം മാധ്യമങ്ങളെ നിയന്ത്രിക്കുകയും പഠനഗവേഷണ കേന്ദ്രങ്ങൾക്ക് വിലങ്ങിടുകയും ചെയ്യുന്നു. ഈ രണ്ടു മാർഗ്ഗങ്ങളിൽ കൂടിയും രാഷ്ട്രീയമായി എതിർക്കുന്നവരെ അപകീർത്തിപ്പെടുത്താനും ഗവണ്മെന്റ് മെഷീനറി  തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നു. ഇത് കുറെ തുടരുമ്പോൾ ജനാധിപത്യത്തിന്റെ കാതലായിട്ടുള്ള തിരഞ്ഞെടുപ്പും സ്ഥാപനങ്ങളും തന്നെ ഈ വിധത്തിൽ ആക്രമിക്കപ്പെട്ടിട്ടുണ്ടാകും.

കഴിഞ്ഞ പത്തുകൊല്ലമായി ലോകത്തിലെ ലിബറൽ ജനാധിപത്യ രാജ്യങ്ങളുടെ അവസ്ഥ കുത്തനെ വഷളാവുകയും അത് 2020 ലും തുടരുന്നു എന്നുമാണ്. പ്രത്യേകിച്ചും ഏഷ്യാ-പസഫിക്‌ മേഖല, കിഴക്കൻ യൂറോപ്പ്, ലാറ്റിൻ അമേരിക്ക ഇവിടങ്ങളിൽ.

കഴിഞ്ഞ പത്തു കൊല്ലത്തിനുള്ളിൽ ലോകജനതയുടെ 4 % മാത്രം അധിവസിക്കുന്ന ജനാധിപത്യ രാജ്യങ്ങളുടെ അവസ്ഥയിൽ  അര ശതമാനത്തിൽ നിന്നും 16 ശതമാനം വരെയാണ് ഇടിവുണ്ടായത്. ഇന്ത്യയെ കൂടാതെ ബ്രസീലും ടർക്കിയും “ടോപ്പ് ടെൻ ഡിക്ളയ്നർ” പട്ടികയിലുണ്ട്.

രാജ്യകാര്യ വിദഗ്ധരിൽ നിന്നും ഡാറ്റ ശേഖരിക്കുകയും സ്റ്റാറ്റിസ്റ്റിക്കൽ മോഡലിൽ വിശകലനം ചെയ്യുകയുമാണ് വി- ഡെം ഇൻസ്റ്റിറ്റ്യൂട്ട് ചെയ്യുന്നത്. ഇന്ത്യയിലെ വിവരങ്ങൾ ശേഖരിക്കുന്നത് ശ്രീയ പിള്ളയും സ്റ്റെഫാൻ ഐ. ലിൻഡ്ബർഗുമാണ്.

രാഷ്ട്രീയ അവകാശങ്ങൾ, പൗരസ്വാതന്ത്ര്യം ഇവയെല്ലാം 2014ൽ നരേന്ദ്രമോദി അധികാരത്തിൽ വന്നതിനു ശേഷം അടിച്ചമർത്തപ്പെടുകയായിരുന്നു. 2019 ലെ തിരഞ്ഞെടുപ്പോടെ   അധികാരത്തിൽ തുടരുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുകയാണ്. മനുഷ്യാവകാശ സംഘടനകളിൽ സമ്മർദ്ദം ചെലുത്തൽ, ഗവേഷകരെയും മാധ്യമ പ്രവർത്തകരെയും ഭീഷണിപ്പെടുത്തൽ, മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആൾക്കൂട്ട ആക്രമണങ്ങൾ ഇവ തുടരുകയാണ് ഭരണകക്ഷിയും അനുകൂലികളും. റിപ്പോർട്ട് പറയുന്നു.

Read more

ആരോപണങ്ങളെ നിരാകരിച്ച കേന്ദ്രം റിപ്പോർട്ട്  തെറ്റിദ്ധാരണാജനകവും ആസ്ഥാനത്തുള്ളതുമാണെന്ന് പ്രതികരിച്ചു.