ഗേൾസ് ഹോസ്റ്റലിന് മുന്നിൽ യുവാക്കൾ തുടങ്ങിയ ചായക്കട; ഹിറ്റായി മാറി 'ചായ് സുട്ട ബാർ'; ഐ.എ.എസ് പഠനം നിർത്തിയ യുവാവ് ചായ വിറ്റ് വർഷം നേടുന്നത് 150 കോടി !

കച്ചവടക്കാരനായ ഒരു പിതാവ് മകനെ ഐഎഎസുകാരനാക്കാൻ ആഗ്രഹിക്കുന്നു. തയ്യാറെടുപ്പിന്റെ ഭാഗമായി യുപിഎസ്‌സി പരീക്ഷയ്ക്ക് പരിശീലനം നേടാനായി മകനെ ഡൽഹിക്ക് പറഞ്ഞു വിടുന്നു. എന്നാൽ ഈ പഠനം ഒന്നും തനിക്ക് അനുയോജ്യമല്ല എന്ന് മനസിലാക്കിയ മകൻ പഠനം പാതിവഴിയിൽ നിർത്തുകയും സുഹൃത്തിനോടൊപ്പം ഒരു ചായക്കട തുടങ്ങുകയും ചെയ്തു. ഇപ്പോൾ ചായ വിൽപ്പനയിലൂടെ യുവാവ് വർഷം നേടുന്നത് 150 കോടി രൂപ !

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 195ലധികം നഗരങ്ങളിൽ 450പരം ഔട്ട്ലെറ്റുകളിലായി വലിയൊരു ടീ ബിസിനസ് ശൃംഖലയായി വളർന്ന ‘ചായ് സുട്ട ബാർ’ എന്ന കമ്പനിയുടെ സ്ഥാപകനായ അനുഭവ് ദുബേ എന്ന യുവാവിന്റെ കഥയാണിത്. ബിസിനസുകാരുടെ കുടുംബത്തിൽ നിന്നുള്ള ആളായിരുന്നു മധ്യ പ്രദേശിലെ റേവ സൗദേശിയായ അനുഭവ് ദുബേ. തന്റെ മകൻ തന്നെപോലെ കച്ചവടക്കാരൻ ആകുന്നതിൽ താത്പര്യം ഇല്ലാതിരുന്ന പിതാവിന് മകൻ ഐഎഎസുകാരൻ ആകാനായിരുന്നു താത്പര്യം.

ഇതിനിടെയിലാണ് കോളേജ് പഠനം പൂർത്തിയാക്കിയതിന് ശേഷമുള്ള സിവിൽ സർവീസ് തയ്യാറെടുപ്പ് മതിയാക്കി മൂന്ന് ലക്ഷം മുടക്കി ചെറുപ്പം മുതലുള്ള സുഹൃത്തായ ആനന്ദ് നായ്ക്കിനൊപ്പം അനുഭവ് ഇൻഡോറിൽ ചായക്കട തുടങ്ങിയത്. വിപണിയെ കുറിച്ച് നന്നായി പഠിച്ച ശേഷം, സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയും, സെക്കൻഡ്ഹാൻഡ് ഫർണീച്ചറുകൾ ഉപയോഗിച്ചും, ചായ് സുട്ട ബാർ എന്ന് കൈകൊണ്ട് ഒരു പലകയിൽ എഴുതിയുമൊക്കെ ഇൻഡോറിലെ ഗേൾസ് ഹോസ്റ്റലിന് മുന്നിൽ ചായക്കട തുടങ്ങി. ഇത് പതിയെ ശ്രദ്ധ നേടുകയും ചായ് സുട്ടാ ബാർ എന്ന ഇവരുടെ ബ്രാൻഡ് നെയിം ഹിറ്റായി മാറുകയും ചെയ്തു.

ചിലവ് ലാഭിക്കാൻ മാർക്കറ്റിംഗ്, സ്ഥപനത്തിന്റെ ഇന്റീരിയർ ഡിസൈനിംഗ്, ബ്രാൻഡിംഗ് എന്നിവയെല്ലാം ഇരുവരും സ്വയമാണ് ചെയ്തത്. എന്നാൽ ഐഎഎസുകാരനാകുവാൻ പോയിട്ട് ചായക്കടക്കാരനാകാൻ തീരുമാനിച്ച അനുഭവിന് പരിഹാസം മാത്രമായിരുന്നു തുടക്കത്തിൽ ലഭിച്ചത്. പിന്നീട് ചായ് സുട്ട ബാർ എന്ന പേര് ജനകീയമായി തുടങ്ങിയതോടെ ഉപഭോക്താക്കളുടെ എണ്ണവും വർധിച്ച് തുടങ്ങി.

രാജ്യത്തിന്റെ പല ഭാഗത്തും ദുബായ്, യുകെ, കാനഡ, ഒമാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലടക്കം പടർന്നു പന്തലിച്ചിരുന്ന ഈ സംരംഭത്തിന്റെ വാർഷിക വരുമാനം 150 കോടിയാണ്. 10 കോടിയാണ് അനുഭവ് ദുബേയുടെ ഇപ്പോഴത്തെ അറ്റാദായം. ഏഴ് വർഷം കൊണ്ട് അതിശയിപ്പിക്കുന്ന വളർച്ചയാണ് ചായ് സുട്ട ബാറിന് ഉണ്ടായത്. 2016ൽ ആരംഭിച്ച ചായ് സുട്ട ബാർ പിന്നീട് ഫ്രാഞ്ചൈസി രീതിയിൽ ബിസിനസ് വിപുലീകരണം നടത്തുകയായിരുന്നു എന്നാണ് അനുഭവ് പറയുന്നത്. കമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിൽ അഞ്ച് ഔട്ട്ലെറ്റുകളും ശേഷിക്കുന്ന 140 ഔട്ട്ലെറ്റുകൾ ഫ്രാഞ്ചൈസിയുടെ കീഴിലുമാണ് ഉള്ളത്.

2016ൽ ഇൻഡോറിൽ ഇരുവരും ചേർന്ന് ആദ്യത്തെ മൂന്ന് ഔട്ട്ലെറ്റുകൾ തുറന്നതോടെയാണ് ചായ് സുട്ടയുടെ യാത്ര ആരംഭിക്കുന്നത്. 2017ൽ മധ്യപ്രദേശിലെ മൂന്ന് പ്രശസ്ത നഗരങ്ങളായ ഇൻഡോർ, ഭോപ്പാൽ, ഉജ്ജയിൻ എന്നിവിടങ്ങളിൽ കൂടുതൽ ഔട്ട്ലെറ്റുകൾ തുറന്നു. 2018 ന്റെ തുടക്കത്തോടെ കൂടുതൽ നഗരങ്ങളിൽ കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കാൻ ചായ് സുട്ടയ്ക്ക് കഴിഞ്ഞു. 2019ൽ കമ്പനി യുവാക്കൾക്കിടയിൽ പ്രചാരം നേടുകയും ഇന്ത്യയിലെ പല നഗരങ്ങളിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചു തുടങ്ങുകയും ചെയ്തു.

2020ൽ കോവിഡ് മഹാമാരിക്കും ലോക്ക്ഡൗൺ കാലയളവിനു ശേഷവും ഇന്ത്യയിലെ 85ലധികം ഔട്ട്‌ലെറ്റുകളിലൂടെയും അന്താരാഷ്‌ട്രതലത്തിൽ മൂന്ന് ഔട്ട്‌ലെറ്റുകളിലൂടെയും ചായ് സുട്ടാ ബാർ തങ്ങളുടെ ഇടം സ്ഥാപിച്ചെടുത്തു. 2021ഓടെ ഇന്ത്യയിലുടനീളമുള്ള ആളുകളെ ചായ് സുട്ട ബാറിന്റെ ആരാധകരാക്കി മാറ്റുകയും കുൽഹാദ് ചായയുടെ പര്യായമായി മാറുകയും ചെയ്തു. 2022ൽ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ടീ ശൃംഖലയായി ചായ് സുട്ട ബാർ മാറി. പിന്നീട് ഇവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

പേപ്പർ കപ്പുകളിൽ നിന്ന് വ്യത്യസ്തമായി മൺ കപ്പുകളാണ് ചായ് സുട്ട ബാറിൽ ഉപയോഗിക്കുന്നത്. ഇതിലൂടെ രാജ്യത്തെ 250 കുടുംബങ്ങൾക്ക് വരുമാനം കണ്ടെത്താനുള്ള മാർഗവും ഇവർ ഒരുക്കുന്നുണ്ട്. റോസ് ചായ, മസാല ചായ, ഇഞ്ചി ചായ, ഏലക്ക ചായ, സ്‌പെഷ്യൽ പാൻ ചായ തുടങ്ങി വ്യത്യസ്ത രുചികളിലുള്ള ചായകൾ ചായ് സുട്ടാ ബാറിന്റെ പ്രതേകതകളാണ്. 15 രൂപ മുതലാണ് ചായയുടെ വില ആരംഭിക്കുന്നത്. ചായ കൂടാതെ മാഗി, സാൻഡ്‌വിച്ച്, പിസ തുടങ്ങിയ ഭക്ഷണ വിഭവങ്ങളും ചായ് സുട്ട ബാറിൽ ലഭിക്കും.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ