തലസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞതോടെ ഭക്ഷണശാലകളും സിനിമാശാലകളും 50 ശതമാനം ശേഷിയോടെ വീണ്ടും തുറക്കാമെന്ന് സർക്കാർ അറിയിച്ചു.എന്നിരുന്നാലും, സ്കൂളുകൾ തൽക്കാലം അടച്ചിരിക്കും.ഡൽഹി സർക്കാരും ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലും തമ്മിൽ നടത്തിയ ചർച്ചയിലാണ് നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള തീരുമാനമെടുത്തത്.
എല്ലാ ദിവസവും കടകൾ തുറക്കാം. വിവാഹങ്ങളിൽ പങ്കെടുക്കാവുന്ന അതിഥികളുടെ എണ്ണം 50ൽ നിന്ന് 200 ആയി ഉയർത്തി.രാത്രി 10 മുതൽ രാവിലെ 5 വരെയുള്ള രാത്രി കർഫ്യൂ തുടരും.
കുട്ടികളുടെ വിദ്യാഭ്യാസത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്ന നീണ്ട സ്‌കൂൾ അടച്ചുപൂട്ടൽ സംബന്ധിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇന്നത്തെ യോഗത്തിൽ സ്‌കൂളുകളുടെ കാര്യത്തിൽ തീരുമാനമായില്ല. സ്കൂളുകൾ വീണ്ടും തുറക്കാൻ ഡൽഹി സർക്കാർ ശുപാർശ ചെയ്യുമെന്ന് സിസോദിയ പറഞ്ഞിരുന്നു. വലിയൊരു വിഭാഗം രക്ഷിതാക്കൾ ഇതിനെ അനുകൂലിച്ചതായും അദ്ദേഹം പറഞ്ഞു.
കേസുകളുടെ എണ്ണത്തിലും പോസിറ്റിവിറ്റി നിരക്കിലും ഡൽഹിയിൽ ഇടിവ് രേഖപ്പെടുത്തി.
ഡൽഹിയിൽ കോവിഡ് സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയാകാൻ സാധ്യതയുണ്ടെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. നഗരത്തിൽ ഇന്ന് അയ്യായിരത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.