സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിച്ചു. അദ്ദേഹം ദേശീയ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു.കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പൊതുജനങ്ങൾക്ക് ചടങ്ങുകളിൽ പ്രവേശനമില്ല.
പല മേഖലകളിലും കേരളത്തിന്‍റെ നേട്ടം സ്തുത്യര്‍ഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വികസനത്തിലും ആരോഗ്യരംഗത്തും കേരളത്തിന് നേട്ടമാണെന്നു പറഞ്ഞ ഗവര്‍ണര്‍, മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തുപറഞ്ഞ് അഭിനന്ദിച്ചു. ദേശീയ സ്വപ്നങ്ങള്‍ കൈവരിക്കുന്നതില്‍ കേരളത്തിന്‍റെ പങ്ക് വലുതാണ്. കോവിഡ് നിയന്ത്രണത്തിലും വാക്സിനേഷനിലും കേരളം ഒന്നാമതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കോവിഡ് മൂന്നാം തരംഗത്തിനിടെ 73–ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായ അമൃത് മഹോത്സവത്തിനിടെയാണ് 73–ാം റിപ്പബ്ലിക് ദിനമെത്തുന്നതെന്ന പ്രത്യേകതയുണ്ട്. ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിക്കുന്നതോടെ ആഘോഷങ്ങൾ തുടങ്ങും.
രാവിലെ 10.30നാണ് റിപ്പബ്ലിക് ദിന പരേഡ്. ഇത്തവണ വിശിഷ്ടാതിഥിയില്ല. ലഫ്റ്റനന്റ് ജനറൽ വിജയ് കുമാർ മിശ്രയാണ് പരേഡ് കമാൻഡർ. 24,000 പേർക്കാണ് പരേഡ് കാണാൻ അനുമതിയുള്ളത്. 25 നിശ്ചല ദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും. 75 വിമാനങ്ങളുടെ ഫ്ലൈ പാസ്റ്റും നടക്കും.