ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം പതിപ്പ് മാര്‍ച്ച് 22-ന് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. അതിനാല്‍, മാര്‍ക്വീ ടൂര്‍ണമെന്റ് അടുക്കുമ്പോള്‍ 10 ഫ്രാഞ്ചൈസികള്‍ അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവസാനഘട്ട ഒരുക്കത്തിലാണ്. കിരീടം നേടാനുള്ള ഏറ്റവും വലിയ ഫേവറിറ്റുകളിലൊന്ന് ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റന്‍സായിരിക്കും.
എന്നിരുന്നാലും, ടൂര്‍ണമെന്റില്‍, ടൈറ്റന്‍സ് അവരുടെ പ്രധാന താരം മുഹമ്മദ് ഷമി ഇല്ലാതെയാണ് ഇറങ്ങുന്നത്. തീപ്പൊരി പേസറുടെ അഭാവം ടീമിന് വലിയ തിരിച്ചടിയായിരിക്കും. പക്ഷേ സീസണിന് മുമ്പ് ഷമിക്ക് പകരക്കാരനായി മലയാളി പേസര്‍ സന്ദീപ് വാര്യരെ ഗുജറാത്ത് ടീമിലെത്തിച്ചു. വാരിയര്‍ തന്റെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് ഗുജറാത്തിലേക്ക് എത്തിയിരിക്കുന്നത്.
കൂടാതെ, അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ദില്‍ഷന്‍ മധുശങ്കയ്ക്ക് പകരക്കാരനായി ദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍ ക്വേന മഫാക്കയെ ടീമില്‍ ഉള്‍പ്പെടുത്തി. പരുക്ക് മൂലം ശ്രീലങ്കന്‍ താരം ദില്‍ഷന്‍ മധുശങ്ക ഐപിഎല്ലില്‍നിന്ന് പുറത്തായി. അടുത്തിടെ സമാപിച്ച അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച കളിക്കാരനായിരുന്നു മഫാക്ക.
മാര്‍ച്ച് 24 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ ഫൈനലിലെത്താന്‍ ഗുജറാത്തിന് കഴിഞ്ഞെങ്കിലും എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് ഫൈനലില്‍ പരാജയപ്പെട്ടു.