കോണ്‍ഗ്രസിന്റെ ഐക്യത്തെ തകര്‍ക്കുന്നതും പ്രവര്‍ത്തനത്തെ ബാധിക്കുന്നതുമായ പരസ്യ പ്രതികരണങ്ങള്‍ ആരുടെയും ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഒട്ടും ഗുണകരമല്ല. ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവൃത്തികളില്‍ നിന്നും നേതാക്കള്‍ പിന്തിരിയണമെന്നും അദേഹം കര്‍ശന നിര്‍ദേശം നല്‍കി. മറ്റുവിഷയങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ശശി തരൂരിനുണ്ട്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായ ശശി തരൂരിന് ബന്ധപ്പെട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസവുമില്ലെന്നും സുധാകരന്‍ അറിയിച്ചു.
ശശി തരൂരിനെതിരായ വിലക്കില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.കെ രാഘവന്‍ എംപി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ. സുധാകരന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിന് കെപിസിസി പ്രസിഡന്റ് വിശദീകരണം ഇറക്കിയത്. തരൂരിനെ വിലക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തിയതാരെന്ന് കണ്ടെത്തി നടപടി എടുക്കണമെന്നാണ് രാഘവന്‍ ആവശ്യം ഉന്നയിച്ചത്.
യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനുപിന്നില്‍ ആരാണെന്നു കെപിസിസി പ്രസിഡന്റ് അന്വേഷിക്കണം. കെപിസിസി അന്വേഷണക്കമ്മിഷനെ നിയോഗിച്ചില്ലെങ്കില്‍ പാര്‍ട്ടിവേദികളില്‍ കാര്യങ്ങള്‍ തുറന്നുപറയും. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കുന്ന രാഷ്ട്രീയം നമുക്ക് ചേരില്ലെന്നും എം.കെ രാഘവന്‍ പറഞ്ഞു. രാഘവന്റെ ആവശ്യം ന്യായമാണെന്ന് ശശി തരൂരും പ്രതികരിച്ചു.
തരൂരിന്റെ പരിപാടി യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍ എസ് നുസൂര്‍ രംഗത്തുവന്നിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍.എസ് നുസൂര്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന് പരാതി നല്‍കി. ആര് പറഞ്ഞിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ നിന്നും പിന്മാറിയതെന്ന് അറിയണം. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നില്‍ നിന്ന് കുത്തുന്നവരെ തിരിച്ചറിയാനെങ്കിലും അന്വേഷണം ഉപകരിക്കുമെന്ന് നുസൂര്‍ പറഞ്ഞു.