കേരളം വ്യവസായികളുടെ ശവപ്പറമ്പാണെന്നും ഇവിടെ ബിസിനസ് ചെയ്യാൻ അധികാരികൾ അനുവദിക്കുന്നില്ലെന്നുമുള്ള കിറ്റക്സ് എം.ഡി സാബു ജേക്കബിൻ്റെ വിമർശനങ്ങളോട് പ്രതികരിച്ച് ഷിബു ബേബി ജോൺ. 3500 കോടിയുടെ വൻകിട പ്രോജക്ട് നടപ്പിലാക്കാൻ ആവശ്യമായ ആസ്തി കിറ്റക്സ് ഗ്രൂപ്പിന് ഉണ്ടായതെങ്ങനെയാണ് എന്നും ഈ കുറ്റം പറയുന്ന കേരളത്തിൽ ബിസിനസ് ചെയ്തിട്ട് തന്നെയല്ലേ അത് ഉണ്ടായതെന്നും ഷിബു ബേബി ജോൺ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
കിറ്റക്സിലെ പരിശോധനകളുടെ പശ്ചാത്തലത്തിൽ കിറ്റക്സ് എം.ഡി സാബു ജേക്കബിൻ്റെ പ്രതികരണങ്ങൾ കണ്ടു. ആ വിഷയത്തെ കുറിച്ച് തൽക്കാലം ഒന്നും പ്രതികരിക്കുന്നില്ല. എന്നാൽ കേരളം വ്യവസായികളുടെ ശവപ്പറമ്പാണെന്നും ഇവിടെ ബിസിനസ് ചെയ്യാൻ അധികാരികൾ അനുവദിക്കുന്നില്ലെന്നുമൊക്കെ പ്രതികരണങ്ങളിൽ പലപ്പോഴും സാബു ജേക്കബ് പറയുന്നത് കേട്ടു. അതുകൊണ്ടാണ് കേരളത്തിൽ ആരംഭിക്കാനിരുന്ന 3500 കോടി മുതൽമുടക്കുള്ള പ്രോജക്ടിൽ നിന്നും പിൻമാറുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.
കേരളത്തെയാകെ അടച്ചാക്ഷേപിക്കുമ്പോൾ ഒരു മലയാളി എന്ന നിലയിൽ ഒന്ന് ചോദിക്കാതെ വയ്യ. 3500 കോടിയുടെ വൻകിട പ്രോജക്ട് നടപ്പിലാക്കാൻ ആവശ്യമായ ആസ്തി കിറ്റക്സ് ഗ്രൂപ്പിന് ഉണ്ടായതെങ്ങനെയാണ്? നിങ്ങൾ ഈ കുറ്റം പറയുന്ന കേരളത്തിൽ ബിസിനസ് ചെയ്തിട്ട് തന്നെയല്ലേ?
താങ്കളുടെ കാലത്തും താങ്കളുടെ പിതാവിൻ്റെ കാലത്തും കിറ്റക്സ് ഗ്രൂപ്പ് രാജ്യമറിയുന്ന വലിയ ബ്രാൻഡായി വളർന്നത് താങ്കൾ ഇപ്പോൾ കുറ്റം പറയുന്ന കേരളത്തിൻ്റെ മണ്ണിൽ ചവിട്ടി നിന്ന് തന്നെയല്ലേ? ഒരു സാധാരണ ചെറുകിട സ്ഥാപനത്തിൽ നിന്നാരംഭിച്ച് ഇന്ന് സഹസ്രകോടികളുടെ പ്രോജക്ടുകളെ പറ്റി സംസാരിക്കുന്ന നിലയിലേക്ക് നിങ്ങളെ വളർത്തിയതിൽ ഈ നാടിനും ഇവിടത്തെ ജനങ്ങൾക്കും യാതൊരു പങ്കും ഇല്ലെന്നാണോ? അങ്ങനെ നിങ്ങൾ പറഞ്ഞാൽ അത്, എന്നും നിങ്ങളോട് ചേർന്നുനിന്ന, നിങ്ങളുടെ സഹസ്രകോടി സാമ്രാജ്യത്തിലേക്ക് ഓരോ കല്ലും പാകിയ ഇവിടത്തെ ജനങ്ങളോടുള്ള നന്ദികേടായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ആ നന്ദികേടാണ് വിലപേശലിൻ്റെ സ്വരത്തിൽ ഞങ്ങളിന്ന് കണ്ടത്.
Read more
ഒരു നാട്ടിൽ വ്യവസായസ്ഥാപനം ആരംഭിച്ച് അവിടത്തെ ശ്രോതസുകളെല്ലാം ഉപയോഗിച്ച് വളർന്ന് വൻമരം ആയശേഷം ആ മണ്ണിനെയാകെ അടച്ചാക്ഷേപിക്കുന്നത് ശരിയായ പ്രവണത അല്ലെന്ന് മാത്രം സൂചിപ്പിക്കട്ടെ. ടെലിവിഷനിൽ താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ ഇത്രയെങ്കിലും പറയാതിരിക്കാനാകില്ലായിരുന്നു എന്നത് കൊണ്ട് മാത്രം ഓർമിപ്പിച്ചതാണ്.