മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ രണ്ടര ലക്ഷം രൂപയും ഫോണും തന്നെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ബി ജെ പി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായി കെ സുന്ദര. പണം തന്നില്ലെന്ന് പറയണമെന്നാണ് ബി ജെ പി നേതാക്കളുടെ ആവശ്യം. പണം വാങ്ങിയിട്ടില്ലെന്ന് പറയാന്‍ അവര്‍ അമ്മയോട് ആവശ്യപ്പെട്ടതായും സുന്ദര വെളിപ്പെടുത്തി.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം വാങ്ങിയത് തെറ്റാണ്. വാങ്ങിയ പണം തിരികെ നല്‍കാനാവില്ല. കിട്ടിയ പണം മുഴുവന്‍ ചെലവഴിച്ചു. ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ആരുടെയും പ്രലോഭനത്താല്‍ അല്ലെന്നും സുന്ദര പറഞ്ഞു. പൊലീസിനോട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സുന്ദര പറഞ്ഞു.
ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ വൈന്‍ പാര്‍ലര്‍ നല്‍കാമെന്ന് വാഗ്ദ്ധാനം ചെയ്‌തിരുന്നതായും മണ്ഡലത്തിലെ ബി ജെ പി നേതാക്കളാണ് പണം നല്‍കിയതെന്നുമായിരുന്നു സുന്ദര കഴിഞ്ഞ ദിവസം പറഞ്ഞത്.
അതേസമയം കെ. സുന്ദരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പണം നൽകി എന്ന് ആരോപിക്കപ്പെടുന്ന ബി.ജെ.പി ജില്ലാ നേതാക്കളിൽ നിന്നും പൊലീസ് മൊഴി എടുക്കുമെന്നാണ് അറിയുന്നത്. എന്നാൽ സുന്ദരക്ക് പണം നൽകിയിട്ടില്ലെന്ന് അവകാശപ്പെട്ട് ബി.ജെ.പി ജില്ലാനേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.