‘ബലാത്സംഗത്തിന് ഇരയായ സ്ത്രീ അഭിമാനമുള്ളവളാണെങ്കില്‍ മരിക്കും’ എന്ന കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ ആവശ്യപ്പെട്ടു.
രാഷ്ട്രീയ നേതാക്കൾ അടിക്കടി സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്തു വരുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. കേരളപ്പിറവി ദിനത്തിൽ പോലും സ്ത്രീസമൂഹത്തിനെതിരെ നടക്കുന്ന അതിനീചമായ പരാമർശങ്ങൾ രാഷ്ട്രീയ വിദ്വേഷത്തിന്‍റെ പേരിലായാൽ കൂടി അനുവദിച്ചുകൂടാ. ഇത്തരക്കാരെ നിലയ്ക്ക് നിർത്താൻ രാഷ്ട്രീയ നേതൃത്വത്തിന് കരുത്തുണ്ടാകണമെന്നും എം സി ജോസഫൈന്‍ അഭിപ്രായപ്പെട്ടു.
എൽ.ഡി.എഫ് സര്‍ക്കാരിനെതിരെയുളള വഞ്ചനാ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് മുല്ലപ്പള്ളി സ്ത്രീ വിരുദ്ധ പമാര്‍ശം നടത്തിയത്. എന്നാല്‍ പ്രസ്‍താവന വിവാദമായതോടെ മുല്ലപ്പള്ളി രാമചന്ദ്രൻ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു.