ഫുട്ബോൾ ക്ലബ്ബിൽ അവസരം നൽകാമെന്ന് പറഞ്ഞ് തട്ടിയത് 1.85 ലക്ഷം; യുവാവ് അറസ്റ്റിൽ

ഫുട്ബോൾ ക്ലബ്ബിൽ അവസരം നൽകാമെന്ന് പറഞ്ഞ് പണംതട്ടിയ യുവാവ് അറസ്റ്റിൽ. എറണാകുളം ചെല്ലാനം അറയ്ക്കൽ ജോൺ ബോസ്കോയേയാണ് (33) അറസ്റ്റിലായത്. അടൂർ പൊലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്. പലരിൽ നിന്നുമായി 1.85 ലക്ഷം രൂപയാണ് യുവാവ് തട്ടിയെടുത്തത്.

അടൂർ സ്വദേശിയായ യുവാവിൽ നിന്നും ഒന്നര ലക്ഷം രൂപയാണ് ഇയാൾ പലപ്പോഴായി തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഫുട്ബോൾ പ്രേമിയായ യുവാവ് മുംബൈയിലുള്ള ഒരു ഫുട്ബോൾ ക്ലബ്ബിൽ ചേരാൻ വേണ്ടി ചെന്നപ്പോഴാണ് ജോൺ ബോസ്‌കോയെ പരിചയപ്പെടുന്നത്. ക്ലബ്ബിന്റെ ഫിസിയോ തെറപ്പിസ്‌റ്റാണെന്ന് പരിചയപ്പെടുത്തിയാണ് തന്നെ സമീപിച്ചതെന്ന് യുവാവ് പറയുന്നു.

ഈ സമയം മറ്റൊരു ക്ലബ്ബിൽ ചേർക്കാമെന്ന് പറയുകയും ഇതിന് കുറച്ച് പണം ചെലവാകുമെന്നും ജോൺ പറഞ്ഞു. തുടർന്നാണ് പലപ്പോഴായി പണം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് യുവാവ് പണം കൈമാറുകയും ചെയ്തു. എന്നിട്ടും ക്ലബ്ബിലേക്ക് പ്രവേശനം ലഭിക്കാതെ വന്നപ്പോഴാണ് യുവാവ് അടൂർ പൊലീസിൽ പരാതി നൽകിയത്.