കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം ധനസഹായം; വനം വകുപ്പില്‍ താല്‍ക്കാലിക ജോലി; അതിരപ്പിള്ളിയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

ആതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. അടിച്ചില്‍ തൊട്ടി മേഖലയിലെ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ (20), വാഴച്ചാല്‍ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കള്‍ക്കാണ് ധനസഹായം നല്‍കുക. ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം കൈമാറി. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഫോറസ്റ്റ് വകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിച്ച ജില്ലാ ആശുപത്രിയില്‍ കലക്ടര്‍ സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സബ് കളക്ടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജനകീയ ഹര്‍ത്താല്‍ ആരംഭിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ആതിരപ്പള്ളിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അതിരപ്പിള്ളി മേഖലയില്‍ ആര്‍ആര്‍ടി സംവിധാനം കാര്യക്ഷമാക്കണം,വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം വേണം, സര്‍ക്കാരും വനംവകുപ്പും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഹര്‍ത്താല്‍.