എംഎല്‍എമാര്‍ക്ക് എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറാന്‍ 100 കോടി കോഴ വാഗ്ദാനം നല്‍കിയെന്ന ആരോപണത്തില്‍ എന്‍സിപി നേതാവ് തോമസ് കെ തോമസിന്റെ മൊഴിയെടുത്തു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് പ്രത്യേക അന്വേഷണ സംഘമാണ് തോമസ് കെ തോമസിന്റെ മൊഴിയെടുത്തത്.
എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാര്‍ക്ക് എന്‍സിപിയിലെ അജിത്പവാര്‍ പക്ഷത്തേക്ക് കൂറുമാറാന്‍ 100 കോടി കോഴ വാഗ്ദാനം ചെയ്‌തെന്നായിരുന്നു തോമസ് കെ തോമസിനെതിരെ ഉയര്‍ന്ന ആരോപണം. എന്‍സിപിയിലെ മന്ത്രി മാറ്റം ചര്‍ച്ചയായ സാഹചര്യത്തിലാണ് കോഴ ആരോപണം പുറത്തുവന്നതും.
ആന്റണി രാജു, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് 50 കോടി വീതം കോഴ വാഗ്ദാനം ചെയ്തതായി ആരോപണം നിലനില്‍ക്കുന്നത്. അതേസമയം ആരോപണം കോവൂര്‍ കുഞ്ഞുമോനും തോമസ് കെ തോമസും നിഷേധിച്ചിരുന്നു. എന്നാല്‍ ആരോപണം ശരിയാണെന്ന നിലപാടിലാണ് ആന്റണി രാജു.