100 കോടി രൂപ പിഴയടയ്ക്കാനുള്ള സാമ്പത്തികശേഷി ഇല്ല, അപ്പീല്‍ പോകും; കൊച്ചി മേയര്‍

ബ്രഹ്‌മപുരം തീപിടിത്തത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ച 100 കോടി രൂപ പിഴയടയ്ക്കാനുള്ള സാമ്പത്തിക ശേഷി കൊച്ചി കോര്‍പറേഷനില്ലെന്ന് മേയര്‍ എം. അനില്‍കുമാര്‍. ട്രൈബ്യൂണല്‍ വിശദമായ വാദം കേട്ടിട്ടില്ലെന്നും അപ്പീല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോഴത്തെ സാഹചര്യത്തില്‍ 100 കോടി രൂപ പിഴ അടയ്ക്കാനാകില്ല. വിശദമായ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. അതില്‍ താന്‍ പറഞ്ഞ കാര്യങ്ങളൊന്നും തെറ്റല്ല എന്ന് വ്യക്തമാക്കുന്ന വിശദീകരണം ഉണ്ട്. മുന്‍ മേയര്‍മാരെല്ലാം വന്നിരുന്നു അവരുടെ കാലത്ത് എല്ലാം കൃത്യമായിരുന്നു എന്ന് പറയുന്നത് വെറുതെയാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അടക്കം ഉത്തരവിലുണ്ട്. പക്ഷേ നിലവില്‍ ആരും പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. പുതിയ തലത്തിലേക്ക് കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത്. എല്ലാം കോര്‍പ്പറേഷന്‍ ആത്മാര്‍ത്ഥമായും ഉത്തരവാദപരമായും ചെയ്യുമെന്നും മേയര്‍ എം അനില്‍ കുമാര്‍ പറഞ്ഞു.

Read more

അതേസമയം ഹരിതട്രൈബ്യൂല്‍ വിധി അങ്ങേയറ്റം നിര്‍ഭാഗ്യകരമെന്ന് മുന്‍ മേയര്‍ ടോണി ചമ്മണി പറഞ്ഞു. ഈ ബാധ്യത ജനങ്ങളെ കൂടി ബാധിക്കുമെന്നും നഗരസഭ വലിയ സ്തംഭനാവസ്ഥയിലേക്ക് പോകുമെന്നും പിഴ ഒഴിവാക്കാനാവശ്യമായ നിലപാട് നഗരസഭ ട്രൈബ്യൂണലിനെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.