ഇതുവരെ പിരിച്ചുവിട്ടത് പൊലീസിലെ 108 ക്രിമിനലുകളെ; കുറ്റവാളികള്‍ക്ക് പൊലീസില്‍ സ്ഥാനമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

കുറ്റവാളികള്‍ക്ക് പൊലീസില്‍ സ്ഥാനമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പൊലീസുകാരെ പിരിച്ചുവിടുന്ന നടപടി തുടരും. ജനങ്ങളുടെ യജമാനന്‍മാരായി പെരുമാറുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കുറ്റവാളികള്‍ക്ക് പൊലീസില്‍ സ്ഥാനമുണ്ടാകില്ലെന്ന് പ്രവൃത്തികൊണ്ട് തെളിയിച്ച സര്‍ക്കാരാണിത്. ആ നടപടി ഇനിയും തുടരുമെന്നും പിണറായി വിജയന്‍ പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 108 പേരെ പിരിച്ചുവിട്ട സര്‍ക്കാരാണിത്. കേരളപ്പിറവിയുടേയും പൊലീസ് രൂപീകരണത്തിന്റെയും ഭാഗമായുള്ള പൊലീസ് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അവമതിപ്പ് സൃഷ്ടിക്കുന്നവരെ കണ്ടെത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടന്ന പൊലീസ് പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ച മുഖ്യമന്ത്രി 237 ഉദ്യോഗസ്ഥര്‍ക്ക് മെഡല്‍ നല്‍കി. അന്വേഷണം നേരിടുന്ന എഡിജിപി എംആര്‍ അജിത്കുമാറും മെഡലിന് അര്‍ഹത നേടിയിരുന്നു. എന്നാല്‍ ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം അജിത്കുമാറിന് മെഡല്‍ നല്‍കിയില്ല.