കേരളത്തിൽ ഇന്നലെ 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്‍ന്നു. രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആയി. രാജ്യത്തെ ആക്ടീവ് കേസുകളിൽ 88.78 ശതമാനം കേസുകളും കേരളത്തിലാണ്.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് പരിശോധന നടക്കുന്ന സംസ്ഥാനവും കേരളമാണ്. കേരളത്തിൽ കേസുകൾ ഉയർന്നതിന് പിന്നാലെ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് ജാഗ്രത കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. കേവിഡ് കേസുകള്‍ ഉയരുന്നതില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.
ഇതിന് പുറമേ ആവശ്യമായ പരിശോധന ഉറപ്പാക്കണം, രോഗം സ്ഥിരീകരിക്കുന്ന ആളുകളുടെ സാമ്പിളുകള്‍ ജനിതക ശ്രേണീ പരിശോധനയ്ക്ക് വിധേയമാക്കണം, കൂടാതെ ഉത്സവക്കാലം മുന്നില്‍ കണ്ട് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജില്ലാ തലത്തില്‍ രോഗ ലക്ഷണങ്ങള്‍ കൂടുന്നത് നിരീക്ഷിക്കണം, ആര്‍ടി പിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണം, ആശുപത്രികളിലെ സാഹചര്യം വിലയിരുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.
രാജ്യത്താദ്യമായി കോവിഡിന്റെ ജെഎൻ.1 വകഭേദം കഴിഞ്ഞ ദിവസം കേരളത്തിലാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിൽ കാര്യമായി കൊവിഡ് കേസുകൾ ഉയരുന്നുമുണ്ട്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് കത്തിൽ ജാഗ്രതാ നിർദേശങ്ങൾ നൽകിയിരിക്കുന്നത്.