പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്താനിരിക്കെ തുടർച്ചയായുണ്ടാകുന്ന വ്യാജ ബോംബ് ഭീഷണി പൊലീസിന് തലവേദനയാകുന്നു. വിഴിഞ്ഞം പോർട്ട് രാജ്യത്തിന് സമർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്താൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. അടിക്കടിയുണ്ടാകുന്ന ബോംബ് ഭീഷണി ഗൗരവത്തിലെടുത്ത് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പൊലീസ്.
കഴിഞ്ഞ മൂന്നാഴ്ചയിലധികമായി സംസ്ഥാനത്തെ പലയിടങ്ങളിൽ ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജ സന്ദേശങ്ങൾ ലഭിച്ചിരുന്നു. രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് മാത്രം 12 തവണ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. വ്യാജ സന്ദേശങ്ങൾ വരുന്ന ഇ മെയിൽ ഉറവിടങ്ങൾ കണ്ടെത്താൻ കഴിയാത്തത് കേന്ദ്ര- സംസ്ഥാന ഇന്റലിജൻസിന് അതൃപ്തിയുണ്ട്. ഇ മെയിൽ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് സൈബർ പൊലീസിന്റെ വീഴ്ചയായാണ് ഇന്റലിജൻസ് വിഭാഗം കണക്കാക്കുന്നത്.
Read more
കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലും ഇത്തരത്തിൽ ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം വന്നതോടെ പൊലീസ് വിഷയം ഗൗരവത്തിലെടുത്തു. ഇതിന്റെ കേന്ദ്രങ്ങൾ കണ്ടെത്താൻ കഴിയാത്തത് പൊലീസിനെ പ്രതിസന്ധിയിലാക്കുന്നു. അടിക്കടിയുണ്ടാകുന്ന ബോംബ് ഭീഷണികൾ ടെസ്റ്റ് ഡോസാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന ഇന്റലിജൻസുകൾ വ്യാപകമായ നിരീക്ഷണമേർപ്പെടുത്തിയിരിക്കുകയാണ് കേരളത്തിൽ. ഇതിനിടെയാണ് ബോംബ് ഭീഷണി.