12 വയസുകാരന്റെ കൊലപാതകം; കാരണം സഹോദര ഭാര്യയോടുള്ള വൈരാഗ്യം, ഒരു മാസത്തിലധികം സമയമെടുത്ത് ആസൂത്രണം

കോഴിക്കോട് കൊയിലാണ്ടിയിൽ 12 വയസുകാരൻ ഐസ്ക്രീം കഴിച്ച് മരിച്ച സംഭവം വാർത്തകളിൽ നിറ‍ഞ്ഞു നിൽക്കുകയാണ്. ഭക്ഷ്യവിഷബാധയെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് നടന്ന അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. കേസിൽ കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കൊയിലാണ്ടി സ്വദേശി മുഹമ്മദാലിയുടെ മകൻ ഹസൻ രിഫായിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതാവിന്റെ സഹോദരി താഹിറയാണ് വിഷം കലർന്ന ഐസ്ക്രീം നൽകി കുഞ്ഞിനെ കൊലപ്പെടുത്തിയത്. സഹോദരന്റെ ഭാര്യയോടുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിലെത്തിച്ചതെന്ന് താഹിറ സമ്മതിച്ചിട്ടുണ്ട്. താഹിറ വാങ്ങി നൽകിയ ഐസ്‌ക്രീം രിഫായി മാത്രമാണ് കഴിച്ചത്. മാതാവും 2 സഹോദരങ്ങളും ഈ സമയത്ത് വീട്ടിൽ ഇല്ലാതിരുന്നതിനാൽ രക്ഷപ്പെടുകയായിരുന്നു.

അരിക്കുളത്തെ സൂപ്പർ മാർക്കറ്റിൽ നിന്ന് ഐസ്ക്രീം വാങ്ങിയ താഹിറ സ്വന്തം തറവാട്ടു വീട്ടിൽ ചെന്ന് അരമണിക്കൂർ കഴിഞ്ഞാണ് മുഹമ്മദാലിയുടെ വീട്ടിൽ ചെല്ലുന്നത് എന്നാൽ ഐസ്ക്രീമുമായി നേരെ മുഹമ്മദാലിയുടെ വീട്ടിലെത്തിയെന്നായിരുന്നു ആദ്യം നൽകിയ മൊഴി. സിസിടിവി ദൃശ്യങ്ങളും താഹിറയുടെ മൊഴിയ്ക്കെതിരായിരുന്നു. പേസ്റ്റ് രൂപത്തിലുള്ള എലി വിഷത്തെ കുറിച്ചുള്ള വിവരങ്ങൾ മൊബൈലിൽ സെർച് ചെയ്തതു പൊലീസ് കണ്ടെത്തിയിരുന്നു. ഒരു മാസത്തിലധികം സമയമെടുത്താണ് താഹിറ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് കണ്ടെത്തൽ.

Read more

പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ താഹിറ കുറ്റം സമ്മതിച്ചു. ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്ന് ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതി താഹിറയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം കോഴിക്കോട് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും.