തിരസ്കരിക്കപ്പെട്ടിട്ട് 13 വർഷം; വീണ്ടും ചർച്ചയാകുന്ന ​ഗാ​ഡ്​ഗിൽ റിപ്പോർട്ട്

പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കല്‍… ഇപ്പോൾ മുണ്ടക്കൈയും ചൂരല്‍മലയും. കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാവുകയാണ് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ. രക്ഷാപ്രവർത്തനം രണ്ടാം ദിനവും തുടരുമ്പോൾ 150 ലധികം മൃതദേഹങ്ങൾ കണ്ടെടുത്തു കഴിഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ മരണസംഖ്യ ഇനിയും ഉയർന്നേക്കും.

ഒരു പ്രദേശത്തെ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ച ​ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ഒരു പുഴ തന്നെ ​ഗതിമാറിയെത്തി. തോട്ടം തൊഴിലാളികളും അതിസാധാരണക്കാരും ജീവിച്ചിരുന്ന ചൂരൽമലയിലേക്കും മേപ്പാടിയിലേക്കും മുണ്ടക്കൈയിലേക്കുമാണ് മല പൊട്ടിവന്നത്. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഏറെ നാശനഷ്ടമുണ്ടായത്.

ദുരന്ത ഭൂമിയിൽ നിന്നുള്ള രക്ഷാപ്രവർത്തനവും കരൾ പിളർക്കുന്ന കാഴ്ചകളും ചർച്ച ചെയ്യുന്നതിനൊപ്പം കേരളം ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന മറ്റൊന്നാണ് ഗാഡ്​ഗിൽ റിപ്പോർട്ട്. 2013ന് ശേഷം ഉരുൾ പൊട്ടലുകളും പ്രകൃതി ക്ഷോഭങ്ങളും ഉണ്ടാവുമ്പോൾ സമൂഹ മാധ്യമങ്ങളിൽ ആദ്യം ചർച്ചയാകുന്നതും ഈ റിപ്പോർട്ടാണ്.

2010 മാർച്ചിൽ, അന്നത്തെ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശാണ്, പശ്ചിമഘട്ട പരിസ്ഥിതി സംബന്ധിച്ചു പഠിക്കുന്നതിനായി, ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചത്. പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ ഗാഡ്ഗിൽ അധ്യക്ഷനായിരുന്ന പാനൽ ഇത് സംബന്ധിച്ച് വിദഗ്ധ പഠനം നടത്തുകയും 2011 ഓഗസ്റ്റ് 31ന് തങ്ങളുടെ 522 പേജുള്ള റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുകയും ചെയ്തു. കേരള ശാസ്ത്രസാഹിത്യപരിഷത്ത്, പ്രസ്തുത റിപ്പോർട്ടിന്റെ മലയാള പരിഭാഷ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജയറാം രമേശ്

ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാതലും ഏറെ വിവാദങ്ങൾക്കു കാരണമായതുമായ ഘടകം അവർ പരാമർശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളായിരുന്നു (Economic safe Zones). ഗുജറാത്ത്, മഹാരഷ്ട്ര, ഗോവ, കർണാടകം, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളാണ് പശ്ചിമ ഘട്ടത്തിൽ വരുന്നത്. ഈ സംസ്ഥാനങ്ങളിലെ 44 ജില്ലകളിലെ 142 താലൂക്കുകളിൽ നിന്ന് 134 പരിസ്ഥിതിലോല മേഖലകളാണ് സമിതി തിരിച്ചറിഞ്ഞത്. കേരളത്തിലെ 75 താലൂക്കുകളിൽ നിന്ന് ഇരുപത്തഞ്ചെണ്ണമാണ് പരിസ്ഥിതിലോലമായി തിരിച്ചറിഞ്ഞത്.

വയനാട് വൈത്തിരി താലൂക്കിലെ മേപ്പാടി പാനൽ കണ്ടെത്തിയ കേരളത്തിലെ 18 പരിസ്ഥിതി ലോല മേഖലകളിൽ ഒന്നാണ്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയും ചൂരൽമലയും മേപ്പാടിക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. ബ്രഹ്മഗിരി – തിരുനെല്ലി, വയനാട്, ബാണാസുര സാഗർ – കുറ്റിയാടി, നിലമ്പൂർ – മേപ്പാടി എന്നിവ ഈ 18 എണ്ണത്തിൽ ഉൾപ്പെടുന്നു.

ഗാഡ്ഗിൽ പാനൽ അതിൻ്റെ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തിലുടനീളമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളെ തരംതിരിക്കാൻ നിർദ്ദേശിച്ചിരുന്നു, ESZ-I, ESZ-II മേഖലകളിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ വ്യക്തമായ നിയന്ത്രണങ്ങളും നിർവചിച്ചു. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനത്തിനും ക്വാറി പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഗാഡ്ഗിൽ സമിതി ശുപാർശ ചെയ്തിരുന്നു.

ഗാഡ്ഗിൽ റിപ്പോർട്ട് അനുസരിച്ച്, വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവ ESZ-I-ൻ്റെ കീഴിലും, മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, തിരൂർ താലൂക്കുകൾ ESZ-II-ൻ്റെ പരിധിയിലും വരും. ഗാഡ്ഗിൽ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തിലുടനീളമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളും മേഖലകളും തരംതിരിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്നും ഇത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.

ഈ റിപ്പോർട്ട് പ്രകൃതിരഹിതമായ കാർഷിക, വാണിജ്യ, നിർമ്മാണ പ്രവർത്തനങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും ഇടയിലുള്ള സംഘർഷങ്ങളെ പരിഹരിക്കാൻ വേണ്ടി തയ്യാറാക്കിയതായിരുന്നു. പ്രധാനമായും പശ്ചിമഘട്ട മേഖലയുടെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള നിർദ്ദേശങ്ങളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്.

പ്രധാന നിർദ്ദേശങ്ങൾ

1. പശ്ചിമഘട്ടത്തിന് പ്രത്യേക സംരക്ഷണം: പശ്ചിമഘട്ടം പരിസ്ഥിതിയിലേക്ക് വലിയ സ്വാധീനം ചെലുത്തുന്ന പ്രദേശമാണെന്ന് തിരിച്ചറിഞ്ഞ് അതിന്റെ സംരക്ഷണത്തിന് പ്രത്യേക നടപടികൾ സ്വീകരിക്കണം.
2. എക്കോളജിക്കൽ സെൻസിറ്റീവ് സോൺ: പശ്ചിമഘട്ടത്തെ എക്കോളജിക്കൽ സെൻസിറ്റീവ് സോണുകൾ (ESZ) എന്ന മൂന്ന് വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്നു. ഓരോ സോണിനും വ്യത്യസ്തമായ പരിസ്ഥിതി നിയമങ്ങൾ പാലിക്കണം.
3. അനധികൃത നിർമാണങ്ങൾ: അനധികൃത നിർമാണങ്ങൾ, ക്വാറികൾ, വ്യാവസായിക ഘടനകൾ തുടങ്ങിയവ നിയന്ത്രിക്കണം.
4. സ്ഥലിക ജനങ്ങളുടെ പങ്കാളിത്തം: സ്ഥലിക ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ വേണം, കാരണം അവർക്ക് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേരിട്ടുള്ള സ്വാധീനവും അറിവും ഉണ്ടെന്ന് ഉറപ്പാക്കുന്നു.
5. വിവിധ വകുപ്പുകളുടെ സഹകരണം: വിവിധ സർക്കാർ വകുപ്പുകൾ പരിസ്ഥിതി സംരക്ഷണ നടപടികളിൽ സഹകരിക്കണം.

വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളും സമിതി നിർദ്ദേശിച്ചു. എന്നാൽ മാധവ് ഗാഡ്ഗിൽ സമിതിയുടെ ഈ റിപ്പോർട്ടു സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങളും സംസ്ഥാന സർക്കാരുകളും കടുത്ത ആശങ്കയുന്നയിക്കുകയും വിവിധ രാഷ്ട്രീയകക്ഷികൾ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തു. ഇതിനെത്തുടർന്ന് കേന്ദ്രസർക്കാർ, ഗാഡ്ഗിൽ സമിതി ശുപാർശകൾ വിലയിരുത്തിയും പ്രത്യേക റിപ്പോർട്ട് സമർപ്പിക്കുകയെന്ന നിർദ്ദേശത്തോടെ കേന്ദ്ര ആസൂത്രണക്കമ്മീഷനംഗം കെ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ നിയോഗിച്ചു. ഗാഡ്ഗിൽ സമിതി ശുപാർശകളെ തത്ത്വത്തിലംഗീകരിക്കുന്ന നിലപാടാണ്, കസ്തൂരിരംഗൻ സമിതിയും മുന്നോട്ടുവച്ചത്. എന്നാൽ സുപ്രധാനമായ ചില മേഖലകളിൽ കാതലായ മാറ്റങ്ങളും നിർദ്ദേശിച്ചു.

മാധവ് ഗാഡ്ഗിൽ

പശ്ചിമഘട്ട മലനിരകളുടെ നാലിൽ മൂന്നുഭാഗവും (75%) പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗാഡ്ഗിൽ സമിതി ശുപാർശകളിൽ വിയോജിപ്പു രേഖപ്പെടുത്തിയ കസ്തൂരിരംഗൻ, പശ്ചിമഘട്ട മലനിരകളുടെ ഏകദേശം 37% ഇപ്രകാരമുള്ള പ്രദേശമാണെന്ന് വിലയിരുത്തി. ഗാഡ്ഗിൽക്കമ്മറ്റി ശുപാർശ ചെയ്ത മൂന്നുതരം പരിസ്ഥിതി മേഖലകൾക്കു പകരം ഒറ്റമേഖലയെ മാത്രം സംരക്ഷിക്കാനായിരുന്നു കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ നിർദ്ദേശം. ഇത് പരിസ്ഥിതിപ്രവർത്തകരുടെ വിമർശനത്തിനു കാരണമായി. വിവിധ സംസ്ഥാന സർക്കാരുകളുടെയും കുടിയേറ്റക്കാരുടെ പേരിൽ ചില എൻജിഒ സംഘടനകളുടെയും നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് കാതലായ മാറ്റങ്ങൾ കസ്തൂരിരംഗൻ വരുത്തിയിരിക്കുന്നതെന്ന് വിമർശനം ഉണ്ടായി.

അതേസമയം പരിസ്ഥിതി മേഖലകളിലെ വികസനപ്രവർത്തനങ്ങളിൽ ഗാഡ്ഗിൽ സമിതി നിർദ്ദേശിച്ച കർശന നിയന്ത്രണങ്ങൾ തന്നെ നടപ്പാക്കണമെന്നും യാതൊരുവിധ ഖനനപ്രവർത്തനങ്ങളും ഇപ്രകാരമുള്ള പരിസ്ഥിതി ദുർബലപ്രദേശങ്ങളിൽ അനുവദിക്കുവാൻ പാടില്ലെന്നും കസ്തൂരിരംഗൻ സമിതി നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ഈ മേഖലയിലെ അമ്പതു വർഷത്തിനു മുകളിൽ പ്രായമുള്ള അണക്കെട്ടുകൾ പ്രവർത്തനമവസാനിപ്പിക്കണമെന്ന നിർദ്ദേശത്തോട് കസ്തൂരിരംഗൻ സമിതി വിയോജിച്ചു. അവ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാവുന്നവയാണെന്ന അഭിപ്രായമാണ് ഈ സമിതി പ്രകടിപ്പിച്ചത്.

“പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കു തന്നെ മനസ്സിലാകും”

കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിക്കളയണമെന്നും പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽക്കമ്മറ്റി റിപ്പോർട്ട് ചർച്ചചെയ്തു നടപ്പാക്കണമെന്നും കേരളത്തിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വാർഷികം, പ്രമേയത്തിലൂടെ സർക്കാരുകളോടാവശ്യപ്പെട്ടു. എന്നാൽ സർക്കാരുകളുടെയും ഒരു വിഭാഗം ജനങ്ങളുടെയും അഭിപ്രായം മറിച്ചായിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കിയാൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കില്ലെന്നും കുടിയേറ്റക്കാർ ഭൂമി ഒഴിയേണ്ടി വരുമെന്നും കൃഷി നശിക്കുമെന്നും ഉള്ള വിമർശനങ്ങളായിരുന്നു അതിൽ പ്രധാനം.

ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ചൂടേറിയ രാഷ്ട്രീയവിവാദങ്ങൾക്കും ചർച്ചകൾക്കും കാരണമായി. ഒടുവിൽ 2013 നവംബർ 13,16 തീയതികളിൽ കേന്ദ്രവന- പരിസ്ഥിതിമന്ത്രാലയം കസ്തൂരിരംഗൻ റിപ്പോർട്ട് തത്ത്വത്തിൽ അംഗീകരിക്കുന്നതായി പ്രസ്താവനയിറക്കി. അതേസമയം ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിക്കളഞ്ഞിട്ടില്ലെന്നും വിമർശനങ്ങൾ കണക്കിലെടുത്ത്, ഏതു റിപ്പോർട്ടു നടപ്പാക്കണമെന്നു നിശ്ചയിക്കുമെന്നും ആഗസ്റ്റ് 2016ൽ കേന്ദ്രവനംപരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ പറഞ്ഞിരുന്നു. എന്നാൽ 2024 ആയിട്ടും ഇതിനെ തുടർന്നുള്ള പ്രധാന നടപടികളൊന്നും ഉണ്ടായിട്ടില്ല.

“പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കു തന്നെ മനസ്സിലാകും”- 2013 ൽ മാധവ് ഗാഡ്ഗിൽ പറഞ്ഞ ഈ വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ